നിയമസഭയ്ക്ക് പിന്നാലെ സ്കൂളുകളിലും സവർക്കറുടെ ഛായാചിത്രം വയ്ക്കാൻ കർണാടക ബിജെപി സർക്കാർ
ഇന്നലെയാണ് ബിജെപി സർക്കാർ നിയമസഭയിൽ സവർക്കറുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സ്ഥാപിച്ചത്.
ബലഗാവി: കർണാടക നിയമസഭയിലേതിനു പിന്നാലെ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ഛായാചിത്രം സംസ്ഥാനത്തെ സ്കൂളുകളിലും സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ. പ്രതിഷേധങ്ങൾ വകവയ്ക്കാതെ വിധാൻ സഭയിൽ മഹാത്മാ ഗാന്ധിയടക്കമുള്ള ആറ് സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചതിനു ശേഷമാണ് പുതിയ നീക്കം.
സംസ്ഥാനത്തെ സ്‌കൂളുകളിൽ സവർക്കറുടെ ഫോട്ടോ സ്ഥാപിക്കാൻ ബിജെപി ആലോചിക്കുന്നതായി സാംസ്‌കാരിക- ഊർജ മന്ത്രി വി. സുനിൽ കുമാർ ചൊവ്വാഴ്ച പറഞ്ഞു. നിയമസഭാ ഹാളിൽ സവർക്കറുടെ ഫോട്ടോ പതിപ്പിച്ച നടപടിയെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. നടപടിയെ എതിർക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് പറഞ്ഞതെന്നും മന്ത്രി അവകാശപ്പെട്ടു.
75 വർഷത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്ക് വിവരം വച്ചെന്നും ഇപ്പോൾ സവർക്കറോട് ഒരു സോഫ്റ്റ് കോർണർ ഉള്ളതുപോലെയാണ് അവർ പെരുമാറുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് ബിജെപി സർക്കാർ നിയമസഭയിൽ സവർക്കറുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സ്ഥാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഛായാചിത്ര അനാച്ഛാദനം നടന്നത്. സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡേ, നിയമ മന്ത്രി ജെ. മധുസ്വാമി, ജലമന്ത്രി ഗോവിന്ദ് കാർജോൾ അടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ നിയമസഭയുടെ നാല് വാതിലും അടച്ചായിരുന്നു ചടങ്ങ്.
ബ്രിട്ടീഷ് ഭരണ കാലത്ത് ജയിലിൽ കഴിയുകയും പലതവണ മാപ്പെഴുതി കൊടുത്ത് പുറത്തിറങ്ങുകയും ചെയ്ത സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയെന്നാണ് ബിജെപിയും സംഘ്പരിവാറും വിശേഷിപ്പിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയ ശേഷം സവർക്കർ ബ്രിട്ടീഷുകാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും അവരോട് ദൃഢവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു.
Adjust Story Font
16