Quantcast

'ഇനി ശക്തമായ പ്രതിപക്ഷം, ബി.ജെ.പിക്ക് പിന്തുണയില്ല': നിലപാട് വ്യക്തമാക്കി നവീൻ പട്‌നായിക്ക്‌

പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല.

MediaOne Logo

Web Desk

  • Updated:

    2024-06-24 16:09:42.0

Published:

24 Jun 2024 4:00 PM GMT

Naveen Patnaik
X

ഭുവനേശ്വർ: ബി.ജെ.പിക്ക് പിന്തുണയില്ലെന്നും പാർലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാൻ എം.പിമാരോട് ആവശ്യപ്പെട്ടും ബി.ജെ.ഡി നേതാവും മുൻ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്.

പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉചിതമായ രീതിയിൽ സഭയിൽ ഉന്നയിക്കണമെന്നും പട്നായിക് എം.പിമാർക്ക് നിർദേശം നൽകി. ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റുകളിൽ ബി.ജെപി 20 സീറ്റുകളും സ്വന്തമാക്കിയപ്പോൾ ശേഷിക്കുന്ന സീറ്റ് കോൺഗ്രസാണ് നേടിയത്.

''പാർലമെന്റില്‍ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകണം. വളരെ ശക്തവും ഊർജസ്വലവുമായ ഒരു പ്രതിപക്ഷമായിരിക്കണം. സംസ്ഥാനത്തിൻ്റെ വികസനം, ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബി.ജെ.ഡി എംപിമാർ ഉന്നയിക്കണം, ഒഡീഷയുടെ ന്യായമായ പല ആവശ്യങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ആ ആവശ്യങ്ങൾ കേന്ദ്രം കൃത്യമായി നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണം''- നവീന്‍ പട്നായിക്ക് എം.പിമാരോട് ആവശ്യപ്പെട്ടു.

സംസ്ഥാനം പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനാൽ ഒഡീഷയ്ക്ക് പ്രത്യേക പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം ബി.ജെ.ഡി ശക്തമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്.

''ഒഡീഷ നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷത്തിനേക്കാൾ നാല് സീറ്റുകൾ കൂടുതൽ ലഭിച്ചെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. കേന്ദ്രത്തിലും അവർക്ക് സ്വന്തമായി ഭൂരിപക്ഷമില്ല. അതിനാൽ, നിങ്ങൾ കഠിനാധ്വാനം ചെയ്യണം, ഐക്യത്തോടെ നിൽക്കണം, പാർട്ടിയെ ശക്തിപ്പെടുത്തണം''-മുതിർന്ന ബി.ജെ.ഡി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പട്നായിക്ക് വ്യക്തമാക്കി.

24 വർഷത്തെ ബി.ജെ.ഡി ഭരണത്തിനാണ് 2024ലെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 147 അംഗ നിയമസഭയിൽ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡിഷയിൽ ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകൾ നേടി. കോൺഗ്രസ് 14 സീറ്റുകൾ സ്വന്തമാക്കി.

TAGS :

Next Story