Quantcast

''ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് ആസ്വദിക്കുകയാണ് ബിജെപി''; രൂക്ഷവിമർശവുമായി ലാലു

കലാപങ്ങള്‍ സൃഷ്ടിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നത്. എന്നാല്‍, ഇതിനൊക്കെ ഒരു പരിധിയുണ്ട്. അവരുടെ പദ്ധതികളൊക്കെ രാജ്യത്തെ ജനത മനസിലാക്കുന്നുണ്ടെന്നും ലാലു സൂചിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    5 Oct 2021 4:46 PM GMT

ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് ആസ്വദിക്കുകയാണ് ബിജെപി; രൂക്ഷവിമർശവുമായി ലാലു
X

ബിജെപിക്കെതിരെ കടുത്ത ആക്രമണവുമായി രാഷ്ട്രീയ ജനതാദൾ(ആർജെഡി) നേതാവ് ലാലുപ്രസാദ് യാദവ്. ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് ആസ്വദിക്കുകയാണ് ബിജെപിയെന്നും അങ്ങനെയാണ് അവര്‍ അധികാരം പിടിച്ചതെന്നും ലാലു വിമര്‍ശിച്ചു. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.

പാട്‌നയിലെ പാർട്ടി പ്രവർത്തകരെ വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ലാലു. ഡൽഹിയിൽ മകളുടെ വസതിയിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിൽമോചിതനായ ശേഷം ചികിത്സാ ആവശ്യാർത്ഥം മകൾക്കൊപ്പമാണ് ലാലു കഴിയുന്നത്.

രാജ്യം വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുകയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപിക്ക് ഒരു താൽപര്യവുമില്ല. റാമിന്റെയും റഹീമിന്റെയും അനുയായികളെ പരസ്പരം തമ്മിലടിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. കലാപങ്ങള്‍ സൃഷ്ടിച്ചാണ് അവര്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍, ഇതിനൊക്കെ ഒരു പരിധിയുണ്ട്. അവരുടെ പദ്ധതികളൊക്കെ രാജ്യത്തെ ജനത മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയും പെട്ടെന്നുതന്നെ ഞാൻ ബിഹാറിലെത്തും. എന്നാണ് എനിക്ക് പോകാനാകുകയെന്ന് എന്നും ഡോക്ടറോട് ചോദിക്കാറുണ്ട്. ഗുരുതരമായ വൃക്കരോഗമുണ്ടെനിക്ക്. ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ തോത് ഒരു ലിറ്ററിൽ ഒതുക്കാനാണ് ഡോക്ടർമാർ ഉപദേശിച്ചിട്ടുള്ളത്. പക്ഷെ, ആരോഗ്യം മെച്ചപ്പെട്ടുവരുന്നുണ്ട്. ഉടൻതന്നെ നിങ്ങൾക്കൊപ്പമെത്താനാകുമെന്നാണ് പ്രതീക്ഷ-ലാലു കൂട്ടിച്ചേർത്തു.

പ്രസംഗത്തിൽ മതേതരത്വത്തോടുള്ള തന്റെ പ്രതിബദ്ധത ലാലു എടുത്തുപറഞ്ഞു. രഥയാത്ര ബിഹാർ കടന്നുപോകുമ്പോൾ ബിജെപി നേതാവ് എൽകെ അദ്വാനിയെ അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചായിരുന്നു ലാലുവിൻരെ പ്രസംഗം. പ്രതിപക്ഷം ഒന്നിച്ചുനിൽക്കുകയാണെങ്കിൽ ബിജെപിക്ക് ഭരണം തുടരാനാകില്ല. കോൺഗ്രസിനും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും ഒന്നിച്ചുനിൽക്കാനാകുന്നില്ല. എത്രതവണയാണ് നമ്മൾ ബദൽ രാഷ്ട്രീയസഖ്യങ്ങൾക്ക് ശ്രമിച്ചത്. എന്നാൽ, പലകാരണങ്ങളാൽ അതെല്ലാം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ബിജെപി ഇപ്പോഴും അധികാരത്തിൽ തുടരുന്നതെന്നും ലാലു സൂചിപ്പിച്ചു.

ലാലുവിനെ ഡൽഹിയിൽ തടവിലിട്ടിരിക്കുകയാണെന്ന ആരോപണവുമായി മൂത്ത മകൻ തേജ് പ്രതാപ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിതാവ് ബിഹാറിലെത്തുന്നത് തടഞ്ഞിരിക്കുകയാണെന്നും സഹോദരൻ തേജസ്വി യാദവിനെ ഉന്നമിട്ട് തേജ് പ്രതാപ് ആരോപിച്ചിരുന്നു.

TAGS :

Next Story