Quantcast

'ബി.ജെ.പി വിഷപ്പാമ്പ്; കരുതിയിരിക്കണം'; കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിൻ

ജി20 ഉച്ചകോടിക്കിടെ മറച്ചുകെട്ടിയ ചേരികളാണ് നരേന്ദ്ര മോദി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വികസനമെന്നും ഉദയനിധി

MediaOne Logo

Web Desk

  • Published:

    10 Sep 2023 3:27 PM GMT

Udhayanidhi Stalin said that the BJP is a ‘venomous snake’ and that the people have to be careful about it, Udhayanidhi Stalin against BJP, Udhayanidhi Stalin controversy
X

ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധർമ വിവാദത്തിനു പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. കരുതിയിരിക്കേണ്ട വിഷപ്പാമ്പാണെന്ന് ബി.ജെ.പിയെന്ന് ഉദയനിധി വിമർശിച്ചു. അവർക്കു തമിഴ്‌നാട്ടിൽ പതിഞ്ഞിരിക്കാൻ സ്ഥലം ഒരുക്കിക്കൊടുക്കുന്ന മാലിന്യമാണ് എ.ഐ.എ.ഡി.എം.കെയെന്നും അദ്ദേഹം ആക്ഷേപിച്ചു.

ചെന്നൈയിൽ ഒരു പൊതുപരിപാടിയിലാണ് ഉദയനിധിയുടെ വിമർശനം. എ.ഐ.എ.ഡി.എം.കെക്കും ബി.ജെ.പിക്കും ഒരു ഇടവും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിക്കിടെ മറച്ചുകെട്ടിയ ചേരികളാണ് നരേന്ദ്ര മോദി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വികസനമെന്നും ഉദയനിധി കുറ്റപ്പെടുത്തി.

ഡെങ്കിയും മലേറിയയും കൊറോണയും പോലെ ഉച്ഛാടനം ചെയ്യേണ്ട വൈറസാണ് സനാതന ധർമമെന്ന് നേരത്തെ ഉദയനിധി നടത്തിയ പ്രസ്താവന വലിയ കോളിളക്കമാണു സൃഷ്ടിച്ചത്. ഉദയനിധി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്‌തെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഉദയനിധിയും ഡി.എം.കെയും ആരോപണം നിഷേധിച്ചെങ്കിലും ഇതേ വാദം ഏറ്റുപിടിച്ച് അമിത് ഷാ പ്രതിപക്ഷ സഖ്യം 'ഇൻഡ്യ'യ്‌ക്കെതിരെയും രംഗത്തെത്തി.

ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ പ്രതികരിച്ചു. ഉദയനിധിയുടെ പ്രസ്താവനയ്ക്കു തിരിച്ചടിയുണ്ടാകണമെന്ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ മോദി ആഹ്വാനം ചെയ്തതായാണു പുറത്തുവന്ന റിപ്പോർട്ട്. സനാതന ധർമ വിമർശനത്തെ പിന്തുണയ്ക്കാൻ ഇൻഡ്യ സഖ്യവും തയാറായില്ല. കോൺഗ്രസും തൃണമൂൽ കോൺഗ്രസും അടക്കം വിവാദ പരാമർശത്തെ തള്ളി രംഗത്തെത്തി. എന്നാൽ, ഡി.എം.കെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദയനിധിക്ക് ഉറച്ച പിന്തുണ നൽകി. കാര്യമറിയാതെയാണ് മോദി പ്രതികരിച്ചതെന്നും സ്റ്റാലിൻ വിമർശിച്ചു.

Summary: Udhayanidhi Stalin said that the BJP is a ‘venomous snake’ and that the people have to be careful about it

TAGS :

Next Story