ആരെ മുഖ്യമന്ത്രിയാക്കും? കുഴങ്ങി ബി.ജെ.പി, രാജസ്ഥാനിലും മധ്യപ്രദേശിലും തർക്കം
രാജസ്ഥാനിലും, മധ്യപ്രദേശിലുമാണ് തർക്കം രൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ ശക്തമായി രംഗത്തുണ്ട്
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുവാൻ സാധിക്കാതെ ബി.ജെ.പി. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വസുന്ധര രാജെ സിന്ധ്യയുടെയും ശിവരാജ് സിങ് ചൗഹാന്റെയും സമ്മർദ നീക്കത്തിൽ ബി.ജെ.പി ആശങ്കയിലാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുവാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. തർക്കങ്ങൾ പരിഹരിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലും, മധ്യപ്രദേശിലുമാണ് തർക്കം രൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ ശക്തമായി മത്സരരംഗത്തുണ്ട്. ഫലം വന്നതിന് ശേഷം വസുന്ധര, തന്നെ പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ യോഗം ചേർന്നിരുന്നു.
കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നും മാറി നിൽക്കാൻ വസുന്ധര തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക ബി.ജെ.പിക്ക് തലവേദനയായി മാറിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനപ്രീതിയിൽ മുന്നിലുള്ള ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തുന്നത് തിരിച്ചടിയാകുമോ എന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിൻ്റെ ആശങ്ക.
പുതിയ മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ചൗഹാൻ്റെ പുതിയ പോസ്റ്റും ചർച്ചയാകുന്നു. 'എല്ലാവർക്കും റാം റാം' എന്നാണ് ചൗഹാൻ എക്‌സിൽ കുറിച്ചത്. അതേസമയം ഛത്തീസ്ഗഡിൽ ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി ചർച്ചകൾക്കായി സംസ്ഥാനത്ത് എത്തിയ നിരീക്ഷകർ എം.എൽ.എമാരുടെ യോഗം ചേർന്നു.
Adjust Story Font
16