Quantcast

'തിങ്കളാഴ്ച മുതൽ പാർലമെന്‍റിലുണ്ടാകണം'; എം.പിമാർക്ക് വിപ്പ് നൽകി ബി.ജെ.പി

അവിശ്വാസ പ്രമേയത്തിനു പുറമെ സുപ്രധാനമായ ചില ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനിരിക്കുന്നുണ്ടെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    5 Aug 2023 3:03 AM GMT

no-confidence motion on Manipur to come up next week, BJP issues whip to MPs to attend parliament till 11th August, BJP, Uniform Civil Code bill to be introduced in parliament,
X

അമിത് ഷായും നരേന്ദ്ര മോദിയും

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് ഉടൻ തന്നെ ചർച്ചയ്‌ക്കെടുക്കുമെന്ന് ഉറപ്പായി. ആഗസ്റ്റ് ഏഴിനും 11നും ഇടയിൽ പാർലമെന്റിൽ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിനു പുറമെ പ്രധാനപ്പെട്ട ചില ബില്ലുകളും സഭയിൽ അവതരിപ്പിക്കാനിരിക്കുന്നുണ്ടെന്നാണ് സൂചന.

മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അവതണാനുമതി നൽകിയിരുന്നു. കോൺഗ്രസും ബി.ആർ.എസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. എന്നാൽ, പ്രമേയം എന്നു ചർച്ചയ്‌ക്കെടുക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നോട്ടിസിൽ മറുപടി നൽകണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

എട്ടിനോ ഒൻപതിനോ പ്രമേയം സഭയിൽ ചർച്ചയ്‌ക്കെടുക്കുമെന്നാണു സൂചന. പത്തിന് മോദി മറുപടിയും നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ സംഘർഷത്തിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. മോദി വിശദമായ മറുപടി നൽകണമെന്നും പ്രതിപക്ഷ ആവശ്യമുണ്ടായിരുന്നു. ഇതെല്ലാം സർക്കാർ അവഗണിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടിസുമായി രംഗത്തെത്തിയത്.

അതേസമയം, മറ്റെന്തെങ്കിലും നിയമനിർമാണത്തിന് അണിയറയിൽ നീക്കം നടക്കുന്നുണ്ടോയെന്നാണു സംശയം ഉയരുന്നത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം രാജ്യത്ത് വലിയ കോളിളക്കത്തിനിടയാക്കിയിട്ടുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്‍പായി തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മാണ നീക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ ഇരുസഭകളിലും അവതരിപ്പിച്ചേക്കുമെന്നുള്ള തരത്തിലും പ്രചാരണമുണ്ടായിരുന്നു.

കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം ഡൽഹി ഭരണനിയന്ത്രണ ബിൽ ലോക്സഭയിൽ പാസായിരുന്നു. ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥ നിയമനാധികാരം പരിമിതപ്പെടുത്തുന്ന ഡൽഹി സർവിസസ് ബില്ലാണ് ശബ്ദവോട്ടോടെ പാസായത്. ബിൽ പാസാക്കിയതിനു പിന്നാലെ പ്രതിപക്ഷ എം.പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സുപ്രിംകോടതി അയോഗ്യത നീക്കിയതോടെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ ഗാന്ധിക്ക് എത്താനാകുമോ എന്ന കാര്യവും രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

Summary: BJP issues whip to MPs to attend parliament till 11th August, no-confidence motion to come up next week

TAGS :

Next Story