രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു
സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജയ്പ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ സംഘം തല്ലിക്കൊന്നു. യാസീൻ ഖാൻ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ കോടാലി ഉപയോഗിച്ച് യാസീനെ ആക്രമിക്കുകയും ഇരുമ്പ് വടിയും കമ്പുകളും ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു.
യാസീന്റെ കുടുംബവുമായി മുൻവൈരാഗ്യമുള്ളവരാണ് കൊലയാളികളെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യാസീൻ ഖാനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊരു നേതാവ് പർമീന്ദർ സിങ്, അഡ്വ. ജിതേന്ദർ ശർമ എന്നിവർക്കൊപ്പം ജയ്പൂർ പോയി തിരിച്ചുവരികയായിരുന്നു യാസീൻ ഖാനെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.
'വിജയ്പൂർ ഗ്രാമത്തിലെത്തിയ ഇവരുടെ കാർ ആയുധാരികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമികൾ യാസീനെ കോടാലി കൊണ്ട് അടിക്കുകയും ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് കൈകാലുകൾ ഒടിക്കുകയും ചെയ്തു. തുടർന്ന് യാസീനെ ഉപേക്ഷിച്ച് അക്രമികൾ നിന്ന് രക്ഷപ്പെട്ടു'- പൊലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്നവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും ജയ്പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചയാളും പ്രതികളും അൽവാർ ജില്ലക്കാരാണെന്ന് എസ്പി പറഞ്ഞു. ജയ്പൂർ പൊലീസ് സംഘവുമായി സഹകരിച്ച് അൽവാർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
'പ്രതികൾ ഉടൻ അറസ്റ്റിലാവും. പൊലീസ് സംഘം അവരുടെ പിന്നാലെയുണ്ട്. അഞ്ച് ആളുകളുടെ പേരുകളാണ് എഫ്.ഐ.ആറിലുള്ളത്. മറ്റ് വ്യക്തികൾക്കെതിരെ യാസീൻ്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്'- പൊലീസ് പറഞ്ഞു.
ബിസിനസുകാരനായ യാസീൻ ഖാൻ കഴിഞ്ഞ 20 വർഷമായി ബി.ജെ.പി പ്രവർത്തകനാണ്. 2023ൽ യാസീൻ്റെ അനന്തരവനെയും ചിലർ ആക്രമിക്കുകയും കൈകാലുകൾ ഒടിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16