നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത ; കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാർഥി പട്ടിക വൈകിയേക്കും
പുതിയ പട്ടിക തയ്യാറാക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്
ബസവരാജ് ബൊമ്മൈ/ യദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുളള ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇനിയും വൈകിയേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുകയാണ് . പുതിയ പട്ടിക തയ്യാറാക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ കൂറു മാറിയെത്തിയവർക്ക് സീറ്റ് നൽകുന്നതിൽ, തർക്കം തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്. അതേസമയം ജെഡിഎസ് സ്ഥാനാർഥി പട്ടിക, ഇന്നോ നാളെയോ പ്രഖ്യാപിക്കും. എച്ച്.ഡി രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയ്ക്ക് ഹാസനിൽ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം തുടരുകയാണ്.
രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനത്തിനു മുൻപ്, അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ, കോൺഗ്രസും തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കോണ്‍ഗ്രസ് ഇതിനോടകം ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറിൽ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
മേയ് 10 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.224 അംഗ നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.
Adjust Story Font
16