Quantcast

‘ഡിഗ്രി കൊണ്ടൊന്നും കാര്യമില്ല’; പ്രധാനമന്ത്രി കോളജ് ഓഫ് എക്സലൻസ് ഉദ്ഘാടന വേദിയിൽ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

‘പഞ്ചർ റിപ്പയർ ഷോപ്പ് തുറന്നാൽ ഉപജീവനമാർഗമാകും’

MediaOne Logo

Web Desk

  • Published:

    16 July 2024 11:52 AM GMT

Pannalal Shakya
X

ഇൻഡോർ: ബിരുദങ്ങൾ നേടിയിട്ട് കാര്യമില്ലെന്നും അതിന് പകരം പഞ്ചർ ഷോപ്പ് തുടങ്ങുന്നതാണ് നല്ലതെന്നും വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള എം.എൽ.എ പന്നലാൽ ശാക്യയാണ് വിചിത്ര ഉപദേശത്തിന്റെ പേരിൽ വാർത്തകളിൽ നിറയുന്നത്. ‘പ്രധാനമന്ത്രി കോളജ് ഓഫ് എക്സലൻസി’ന്റെ ഉദ്ഘാടന വേളയിലാണ് എം.എൽ.എയുടെ ഉപദേശം.

ഞായറാഴ്ച ഇൻഡോറിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് 55 ജില്ലകളിലെ പി.എം കോളജ് ഓഫ് എക്സലൻസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. ഇതിന് പിന്നാലെ ഗുണയടക്കം അതാത് പ്രദേശങ്ങളിൽ തിങ്കളാഴ്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മോഹൻ യാദവാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതി കൃത്യസമയത്ത് യാഥാർഥ്യമാക്കാൻ സർക്കാർ നടപടികളും കൈക്കൊണ്ടിരുന്നു. ഇങ്ങനെ സ്ഥാപിച്ച കോളജിന്റെ ഉദ്ഘാടന ചടങ്ങിലാണ് എം.എൽ.എയുടെ വിവാദ പ്രസ്താവന വരുന്നത്.

‘നമ്മൾ ഇന്ന് പി.എം കോളജ് ഓഫ് എക്സലൻസ് തുറക്കുകയാണ്. ഒരു കാര്യം നിങ്ങൾ മനസ്സിൽ സൂക്ഷിക്കാനായി പറയുകയാണ്, ഈ കോളജ് ബിരുദങ്ങൾ കൊണ്ട് ഒന്നും നേടാൻ പോകുന്നില്ല. പകരം ഒരു മോട്ടോർ സൈക്കിൾ പഞ്ചർ റിപ്പയർ ഷോപ്പ് തുറന്നാൽ നിങ്ങൾക്ക് ഉപജീവനമാർഗമാകും’ -പന്നലാൽ ശാക്യ പറഞ്ഞു.

നിരവധി തവണ വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംപിടിച്ചയാളാണ് ഇദ്ദേഹം. കഴിഞ്ഞദിവസം മധ്യപ്രദേശ് മന്ത്രി കൈലാശ് വർഗിയയുടെ നേതൃത്വത്തിൽ 11 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച പരിപാടിയെ അദ്ദേഹം വിമർശിച്ചിരുന്നു. ‘ആളുകൾ മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. പക്ഷെ, അവ നനയ്ക്കാൻ ആരും താൽപ്പര്യപ്പെടുന്നില്ല’ -ശാക്യ പറഞ്ഞു.

ആർ.എസ്.എസ് പ്രവർത്തകനായ ഇദ്ദേഹം 2023ൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അടുപ്പക്കാരെ പിന്തള്ളിയാണ് ഗുണയിൽ ബി.ജെ.പി സ്ഥാനാർഥിയാകുന്നത്. വിറ്റഴിഞ്ഞ നേതാക്കൾക്ക് പകരം വിശ്വസ്തർക്ക് സീറ്റ് നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ​പ്രഖ്യാപിക്കുന്നത്. 2013ൽ ഇവിടെനിന്ന് ജയിച്ച ഇദ്ദേഹം 2018ൽ കോൺഗ്രസിനോട് തോൽക്കുകയുണ്ടായി.

2017ൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിലും ഇദ്ദേഹത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഇന്ത്യയിൽവെച്ച് വിവാഹം കഴിക്കാത്തതിനാൽ കോഹ്‍ലിക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു പ്രസ്താവന. ബോളിവുഡ് താരം അനുഷ്ക ശർമയും വിരാട് കോഹ്‍ലിയും തമ്മിലെ വിവാഹം ഇറ്റലിയിലാണ് നടന്നത്. ‘രാമൻ, കൃഷ്ണൻ, യുധിഷ്ടരൻ തുടങ്ങി എല്ലാവരും ഇന്ത്യയിൽ വെച്ചാണ് വിവാഹിതരായത്. നിങ്ങളെല്ലാവരും ഇന്ത്യയിൽനിന്നാണ് വിവാഹിതരായതും വിവാഹം കഴിക്കാൻ പോകുന്നതും. കോഹ്‍ലി ഇന്ത്യയിൽനിന്ന് പണവും പ്രശസ്തിയും നേടി. പക്ഷെ, കല്യാണം കഴിക്കാൻ പുറത്തുപോയി. ഇത് രാജ്യസ്നേഹമല്ല’ -ശാക്യ കുറ്റപ്പെടുത്തി.

നിരവധി സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരിലും ഇദ്ദേഹം വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അർപ്പണബോധവും ധീരരുമല്ലാത്ത കുട്ടികൾക്ക് ജനനം നൽകുന്നതിന് പകരം സ​്ത്രീകൾ കുട്ടികളില്ലാതെ തുടരുന്നതാണ് നല്ലതെന്ന പഴ​ഞ്ചൊല്ലുണ്ടെന്ന് 2018ൽ അദ്ദേഹം പറഞ്ഞത് ഏറെ വിവാദമായി. ‘ഇത് എന്റെ ഉപദേശമാണ്. സമൂഹത്തിൽ വൈകല്യങ്ങളും തിൻമകളും സൃഷ്ടിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും സ്ത്രീകൾ ജനിപ്പിക്കരുത്’ -ഗുണയിൽ നടന്ന പരിപാടിയിൽ ശാക്യ പറഞ്ഞു.

പെൺകുട്ടികൾക്ക് ആൺസുഹൃത്തുക്കളുള്ളതിനാലാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുന്നതെന്ന പ്രസ്താവനയും 2018ൽ അദ്ദേഹത്തിൽനിന്ന് വന്നു. ഗുണയിലെ വനിതാ കോളജിൽ സ്മാർട്ട്ഫോൺ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് ആൺസുഹൃത്തുക്കളുള്ളത്? പെൺകുട്ടികൾ ഇതിൽനിന്ന് വിട്ടുനിൽക്കണം. അപ്പോൾ അവർക്കെതിരായ അതിക്രമങ്ങളും അവസാനിക്കും’ -ശാക്യയുടെ ഈ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്.

TAGS :

Next Story