Quantcast

'മോദി കാ പരിവാർ'; കൂട്ടത്തോടെ എക്‌സ് പേരുകള്‍ തിരുത്തി ബി.ജെ.പി നേതാക്കൾ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 'മേം ബി ചൗകിദാർ ഹൂം' എന്ന ഹാഷ്ടാഗിൽ ബി.ജെ.പിയുടെ സോഷ്യൽ മീഡിയ കാംപയിനുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-04 11:25:44.0

Published:

4 March 2024 11:15 AM GMT

BJP leaders add Modi Ka Parivar to their social media profiles after Lalu Prasad Yadavs remarks against the PM Narendra Modi,
X

ന്യൂഡൽഹി: ആർ.ജെ.ഡി ആചാര്യൻ ലാലു പ്രസാദ് യാദവിന്റെ മോദി വിമർശനങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ കാംപയിൻ. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യൂസർനെയിം എഡിറ്റ് ചെയ്ത് 'മോദി കാ പരിവാർ' എന്നു ചേർത്തിരിക്കുകയാണ് പ്രമുഖ ബി.ജെ.പി നേതാക്കൾ. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെയുള്ളവർ കാംപയിനിന്റെ ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി തലവനുമായ തേജസ്വി യാദവിന്റെ 'ജൻവിശ്വാസ് യാത്ര'യിൽ ലാലു നടത്തയ പരാമർശം ആയുധമാക്കിയാണ് ബി.ജെ.പി മോദിക്കു പ്രതിരോധവുമായി സോഷ്യൽ മീഡിയ കാംപയിൻ ആരംഭിച്ചിരിക്കുന്നത്. മോദി കുടുംബാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നുണ്ട്. മോദിക്ക് ഒരു കുഞ്ഞ് പോയിട്ട് കുടുംബം തന്നെ ഇല്ലെന്നായിരുന്നു ലാലുവിന്റെ വിമർശനം. മോദി യഥാർഥ ഹിന്ദുവല്ലെന്നും അമ്മ മരിച്ച ദിവസം അദ്ദേഹം തലമുടി കളഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ഇതിനു പിന്നാലെയായിരുന്നു ബി.ജെ.പിയുടെ മോദി പരിവാർ കാംപയിൻ. തങ്ങളും മോദിയുടെ കുടുംബമാണെന്ന് രാജ്യമൊന്നടങ്കം ഒരേ ശബ്ദത്തിൽ പറയുന്നുവെന്നാണ് ഇന്ന് തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. നിങ്ങളെല്ലാവരും മോദിയാണെന്നും മോദി നിങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് അമിത് ഷാ, ജെ.പി നദ്ദ എന്നിവർ മോദി പരിവാർ കാംപയിനിനു തുടക്കമിട്ടത്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ഉൾപ്പെടെയുള്ളവർ യൂസർനെയിമിൽ മോദി ക പരിവാർ എന്നു ചേർത്ത് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപും സമാനമായൊരു കാംപയിൻ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളുമെല്ലാം 'മേം ബി ചൗകിദാർ ഹൂം' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുള്ള കാംപയിനിന്റെ ഭാഗമായി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ചൗകിദാർ ഛോർ ഹെ' പരാമർശമായിരുന്നു ഇതിനു പ്രകോപനമായത്.

Summary: Senior BJP leaders add 'Modi Ka Parivar' to their social media profiles after Lalu Prasad Yadav's remarks against the PM Narendra Modi

TAGS :

Next Story