'2019ൽ അദാനിയുടെ വീട്ടിലാണ് ബിജെപി-എൻസിപി സർക്കാർ രൂപീകരണ ചർച്ച നടന്നത്'; 'മഹായുതി'യെ വെട്ടിലാക്കി അജിത് പവാര്‍
'ശരദ് പവാറിന്റെ മനസിലുള്ളത് ലോകത്ത് ഒരാൾക്കും വായിക്കാൻ കഴിയില്ല. നമ്മുടെ സുപ്രിയയ്‌ക്കോ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു പോലും അതു മനസിലാക്കാനാകില്ല'
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 'തുറന്നുപറച്ചിൽ'. 2019ൽ ഗൗതം അദാനിയുടെ വീട്ടിൽ വച്ചാണ് ബിജെപി-എൻസിപി സർക്കാർ രൂപീകരണ ചർച്ച നടന്നതെന്നാണ് അജിത് പവാർ വെളിപ്പെടുത്തിയിരിക്കുന്നത്. ചർച്ചകളിൽ അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം അദാനിയും സംബന്ധിച്ചിരുന്നുവെന്നും എൻസിപി നേതാവിന്റെ വെളിപ്പെടുത്തലിലുണ്ട്.
'ന്യൂസ്‌ലോൺഡ്രി'യുടെ ശ്രീനിവാസൻ ജെയിനിനു നൽകിയ അഭിമുഖത്തിലാണ് 2019ൽ മൂന്നു ദിവസം മാത്രം ആയുണ്ടായിരുന്ന ബിജെപി-എൻസിപി സർക്കാർ രൂപീകരണത്തിനു പിന്നിൽ നടന്ന ചർച്ചയെ കുറിച്ച് അജിത് പവാർ സംസാരിച്ചത്. ഡൽഹിയിലെ അദാനിയുടെ വസതിയിലായിരുന്നു നേതാക്കൾ ചർച്ചയ്ക്കായി കൂടിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയും താൻ ഉപമുഖ്യമന്ത്രിയുമായി സർക്കാർ രൂപീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
'അഞ്ചു വർഷമായി ആ യോഗം ചേർന്നിട്ട്. എവിടെയാണ് അതു നടന്നതെന്ന് എല്ലാവർക്കും അറിയാം. ഡൽഹിയിൽ ഒരു ബിസിനസുകാരന്റെ വീട്ടിലായിരുന്നു യോഗം. അഞ്ച് യോഗങ്ങൾ ചേർന്നു. എല്ലാവരും അവിടെയുണ്ടായിരുന്നു. അമിത് ഷായും ഗൗതം അദാനിയും പ്രഫുൽ പട്ടേലും ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ശരദ് പവാറുമെല്ലാം. എല്ലാം അവിടെവച്ചാണു തീരുമാനിച്ചത്'-അജിത് പവാർ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ശരദ് പവാറിന്റെ പൂർണ അറിവോടെ ഒരു പാർട്ടി പ്രവർത്തകൻ എന്നി നിലയ്ക്കാണ് വിഷയത്തിൽ താൻ ഇടപെട്ടതെന്നും അജിത് പറയുന്നു. മുതിർന്ന നേതാക്കൾ പറയുന്നതാണ് ഞങ്ങളെല്ലാം ചെയ്യുന്നത്. സർക്കാർ താഴെവീണപ്പോൾ അതിന്റെ പഴി എനിക്കായിരുന്നു. ഞാനത് ഏറ്റെടുക്കുകയും ചെയ്തു. ഉത്തരവാദിത്തമേറ്റു മറ്റുള്ളവരെ സംരക്ഷിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
2014ൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ എൻസിപി പിന്തുണ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻസിപി വക്താവ് പ്രഫുൽ പട്ടേലാണ് ബിജെപിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതെന്ന് അജിത് ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരണത്തിനു വേണ്ടി മാത്രമായായിരുന്നു ആ പിന്തുണ. ഇതിനുശേഷമാണ് ബിജെപിയും ശിവസേനയും ഒന്നിക്കുന്നതെന്നും അജിത് പവാർ സൂചിപ്പിച്ചു.
ശരദ് പവാറിന്റെ മനസ് പിന്നീട് എങ്ങനെ മാറിയെന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ മനസിലുള്ളത് ലോകത്ത് ഒരാൾക്കും വായിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതികരണം. നമ്മുടെ സുപ്രിയയ്‌ക്കോ(സുലെ) അദ്ദേഹത്തിന്റെ ഭാര്യയ്ക്കു പോലും അതു മനസിലാക്കാനാകില്ല. അത്തരത്തിലൊരു നേതാവാണ് അദ്ദേഹം. നിലപാട് മാറ്റാനുള്ള കാരണം അറിയില്ലെന്നും അജിത് പറഞ്ഞു.
ബിജെപിയോട് കൂട്ടുകൂടുന്നതിന്റെ പ്രത്യയശാസ്ത്ര പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോൾ കോൺഗ്രസ് 2.5 വർഷത്തോളം എൻസിപിയോട് കൂട്ടുകൂടിയതാണ് അജിത് പവാർ ചൂണ്ടിക്കാട്ടിയത്. പ്രത്യയശാസ്ത്രത്തെ കുറിച്ചൊന്നും ചോദിക്കേണ്ട. മഹാരാഷ്ട്ര രാഷ്ട്രീയം ആകെ മാറിയിട്ടുണ്ട്. എല്ലാവർക്കും അധികാരമാണു വേണ്ടത്. അതിനു വേണ്ടി പ്രത്യയശാസ്ത്രം മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദി-അദാനി അവിശുദ്ധബന്ധം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ചർച്ചയാക്കുന്നതിനിടെ ബിജെപി സഖ്യകക്ഷിയുടെ നേതാവ് നടത്തിയ വെളിപ്പെടുത്തലിനു രാഷ്ട്രീയപ്രാധാന്യമേറെയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള വെളിപ്പെടുത്തൽ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. കോൺഗ്രസും ശിവസേന ഉദ്ദവ് താക്കറെ പക്ഷവും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അജിത് പവാറിന്റെ പരാമർശങ്ങൾ ആയുധമാക്കി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാർ അദാനി സർക്കാരാണെന്നതിന്റെ തെളിവാണ് അജിത് പവാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ശിവസേന ഉദ്ദവ് പക്ഷം വക്താവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇരിക്കാൻ അദാനിക്ക് എന്താണ് നിയമപരമായ അവകാശമെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷനും എംപിയുമായ വർഷ ഗെയ്ക്ക്‌വാദ് ചോദിച്ചു. ധാരാവി ഉൾപ്പെടെയുള്ള പദ്ധതികൾ സ്വന്തമാക്കാനായി അദാനിക്കു വേണ്ടിയാണ് മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയതെന്നും അവർ ആരോപിച്ചു.
Summary: 'BJP-NCP government formation talks held at Adani's house under the leadership of Amit Shah in 2019': Maharashtra deputy CM Ajit Pawar reveals
Adjust Story Font
16