Quantcast

'ബംഗാളിലും രാമക്ഷേത്രം നിര്‍മിക്കും'; പ്രഖ്യാപനവുമായി ബിജെപി

മുർഷിദാബാദിലെ ബെൽദാംഗയിൽ ബാബരി മാതൃകയില്‍ പള്ളി നിർമിക്കുമെന്ന തൃണമൂൽ എംഎല്‍എയുടെ പ്രഖ്യാപനത്തിനു മറുപടിയായാണ് പുതിയ നീക്കം

MediaOne Logo

Web Desk

  • Updated:

    2024-12-14 07:38:46.0

Published:

14 Dec 2024 6:33 AM GMT

BJP to build Ram Temple in West Bengals Baharampur counter to the TMC MLAs Babri Masjid proposal, TMC MLA Humayun Kabir,
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കുമെന്നു പ്രഖ്യാപനവുമായി ബിജെപി. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് ബഹ്‌റാംപൂരിൽ ക്ഷേത്രം നിർമിക്കുന്നതെന്നാണു വിശദീകരണം. ബിജെപി മുർഷിദാബാദ് ഘടകമാണു പ്രഖ്യാപനം നടത്തിയത്.

മുർഷിദാബാദ് ജില്ലയിലെ ബെൽദാംഗയിൽ പള്ളി നിർമിക്കുമെന്ന് അടുത്തിടെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹൂമയൂൺ കബീർ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ അയോധ്യയിൽ 1992 ഡിസംബർ ആറിനു തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ മാതൃകയിലായിരിക്കും പള്ളി നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എംഎൽഎയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബിജെപി ജില്ലാ ഘടകം പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ തന്നെയാകും ഇവിടെയും ക്ഷേത്രം ഉയരുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2025 ജനുവരി 22ന്, ബാബരി ഭൂമിയിൽ പണിത രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടന്നതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ക്ഷേത്രത്തിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുക എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. ക്ഷേത്രഭൂമി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി ബഹ്‌റാംപൂർ ഘടകം അധ്യക്ഷൻ ഷക്കർവ് സർക്കാർ പറഞ്ഞു. 10 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പിടിഐയോട് വെളിപ്പെടുത്തി.

പള്ളിക്കുള്ള മറുപടിയായല്ല രാമക്ഷേത്രം നിർമിക്കുന്നതെന്നാണ് ഫാഷൻ ഡിസൈനറും അസൻസോൾ സൗത്തിൽനിന്നുള്ള ബിജെപി എംഎൽഎയുമായ അഗ്നിമിത്ര പോൾ പ്രതികരിച്ചത്. ബാബരി മസ്ജിദും രാമക്ഷേത്രവുമെല്ലാം നിർമിക്കാം. ബാബരി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ചയാൾ തന്നെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി ഭാഗീരഥി നദിയിലൊഴുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അഗ്നിമിത്ര ആരോപിച്ചു.

അതേസമയം, ബാബരി മസ്ജിദ് മുസ്‌ലിംകൾക്ക് ഏറെ വൈകാരികമായ വിഷയമാണെന്നും നാട്ടിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വികാരം മാനിച്ചു പള്ളി നിർമിക്കുന്നുമായിരുന്നു ഹൂമയൂൺ കബീർ പ്രഖ്യാപിച്ചത്. ബാബർ നിർമിച്ച പള്ളി തകർക്കപ്പെട്ടിട്ട് 30 വർഷം പിന്നിടുകയാണ്. 2019ൽ സുപ്രിംകോടതി ഏകകണ്ഠമായ വിധിയിൽ പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ നൽകണമെന്ന് നിർദേശിച്ചിരുന്നു. ആ പള്ളി സമയമെടുത്ത് ഉയരും. ഇതോടൊപ്പം മുർഷിദാബാദിൽ പള്ളി നിർമിക്കുന്നത് പ്രകോപനപരമാണെന്നാണു ചിലർ പറയുന്നത്. അത്തരം പ്രശ്‌നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും പള്ളിക്കു വേണ്ടി സർക്കാർ ഭൂമിയോ ഗ്രാന്റോ സ്വീകരിക്കില്ലെന്നും ഹൂമയൂൺ കബീർ വ്യക്തമാക്കി.

എംഎൽഎയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് തൃണമൂൽ നേതാവിന്റെ നീക്കമെന്നാണ് ബിജെപി പ്രതികരിച്ചത്. ഹൂമയൂൺ കബീറിന്റെ പരാമർശങ്ങൾക്കു പിന്നിൽ മമത ബാനർജിയാണെന്ന് ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ കൂടിയായ അഗ്നിമിത്ര പോൾ ആരോപിച്ചു. വോട്ട് ബാങ്കിനു വേണ്ടി മറ്റൊരു ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് ബംഗാൾ മുഖ്യമന്ത്രി നീക്കം നടത്തുന്നതെന്നും അവർ വിമർശിച്ചു. സംഘർഷ മേഖലയിൽ വിഭജന രാഷ്ട്രീയം കളിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.

എന്നാൽ, ഹൂമയൂണിന്റെ പരാമർശങ്ങളിൽനിന്ന് തൃണമൂൽ കൈയൊഴിഞ്ഞിട്ടുണ്ട്. അദ്ദേഹം നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണെന്നും ഇതുമായി പാർട്ടിക്ക് ബന്ധമില്ലെന്നുമാണു തൃണമൂൽ വിശദീകരണം.

Summary: BJP to build Ram Temple in West Bengal's Baharampur counter to the TMC MLA's Babri Masjid proposal

TAGS :

Next Story