Quantcast

'വാശി പിടിക്കേണ്ട, കിട്ടില്ല': ആഭ്യന്തര വകുപ്പിൽ നോട്ടമിടുന്ന ഏക്‌നാഥ് ഷിൻഡെയോട് ബിജെപി

പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ ആഭ്യന്തരം പോലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ വേണമെന്നാണ് ഷിൻഡെ വിഭാഗം ആവശ്യപ്പെടുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-12-08 15:54:12.0

Published:

8 Dec 2024 3:45 PM GMT

Maharashtra Cabinet Ministers
X

മുംബൈ: സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകൾ തീരുമാനമാകാതെ ഭരണപക്ഷമായ മഹായുതിയിൽ പ്രതിസന്ധി. മുഖ്യമന്ത്രിക്കായി അവകാശവാദമുന്നയിച്ചിരുന്ന ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേന തന്നെയാണ് വകുപ്പ് വിഭജനത്തിലും വെല്ലുവിളി ഉയർത്തുന്നത്. ആഭ്യന്തര വകുപ്പ് വേണമെന്ന് വാശിപിടിക്കുകയാണ് ഉപമുഖ്യമന്ത്രിയായ ഷിൻഡെ. എന്നാൽ അതാവട്ടെ, തരില്ലെന്ന നിലപാടിൽ ബിജെപിയും.

ആഭ്യന്തര വകുപ്പ് നൽകാനാവില്ലെന്ന് ഷിന്‍ഡെ വിഭാഗം ശിവസേനയോട് ബിജെപി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപിയിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം, റവന്യൂ, നഗരവികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയിലെ മറ്റൊരു ഉപമുഖ്യമന്ത്രിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാറിന്, ബിജെപി ഇതിനകം തന്നെ ധനകാര്യ, ആസൂത്രണ വകുപ്പുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതില്‍ അവര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നതിനാൽ ഷിൻഡെക്ക് ആഭ്യന്തര വകുപ്പ് നൽകണമെന്നാണ് ഷിന്‍ഡെ വിഭാഗം ശിവസേന ആവശ്യപ്പെടുന്നത്. അതിനായി അവര്‍ കാര്യമായി തന്നെ രംഗത്തുണ്ട്. ഗുലാബ്രാവു പാട്ടീൽ, സഞ്ജയ് ഷിർസത്ത്, ഭരത് ഗോഗവാലെ എന്നിവരുൾപ്പെടെ നിരവധി സേനാ നേതാക്കൾ, ഷിൻഡെയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കണമെന്ന് വാദിച്ച് പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപി തന്നെ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യണമെന്നാണ് ബിജെപി നേതാക്കള്‍ തുടക്കം മുതലെ പറയുന്നത്. 288 അംഗ സഭയില്‍ 132 സീറ്റുകളാണ് ബിജെപി നേടിയത്.

മുഖ്യമന്ത്രി ഫഡ്നാവിസ് ആകട്ടെ ആഭ്യന്തര വകുപ്പ് ഞങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടാണ്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

'കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഞങ്ങൾക്കുള്ളത്. അവിടെ ആഭ്യന്തരം ബിജെപിയുടെ അമിത് ഷായാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍, മികച്ചൊരു ഏകോപനം സാധ്യമാകാന്‍ അതേ പാർട്ടിയുടെ ആളുകള്‍ തന്നെ ഇവിടെയും അഭ്യന്തരം കൈകാര്യം ചെയ്യേണ്ടതുണ്ട്'- ഫഡ്നാവിസ് പറഞ്ഞു.

കഴിഞ്ഞ ഏക്‌നാഥ് ഷിൻഡെ സർക്കാറിലും ആഭ്യന്തര വകുപ്പ് ഫഡ്‌നാവിസാണ് കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രി പദവി ലഭിച്ചതിനാല്‍ ഷിൻഡെ ആഭ്യന്തര വകുപ്പിനായി വാദിച്ചില്ല. എന്നാൽ പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ ആഭ്യന്തരം പോലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ വേണമെന്നാണ് ഷിൻഡെ വിഭാഗം വ്യക്തമാക്കുന്നത്.

അതേസമയം, ഫഡ്‌നാവിസ്, തന്റെ ആദ്യ ടേമിൽ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തിരുന്നുവെന്നും ചില ധീരമായ പരിഷ്‌കാരങ്ങളിലൂടെ സേനക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെന്നും അതു നിലനിര്‍ത്താന്‍ തുടര്‍ന്നും ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നുമാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഡിസംബര്‍ അഞ്ചിനാണ് മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന ചടങ്ങില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഡിസംബർ 16ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് ഫഡ്‌നാവിസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

TAGS :

Next Story