Quantcast

'ഇമാമുമാർക്ക് ശമ്പളം നൽകിയപ്പോൾ പൂജാരിമാരെ ഓർത്തില്ല, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാമനെ കൂട്ടുപിടിച്ചിരിക്കുന്നു'- ആം ആദ്‌മിക്കെതിരെ ബിജെപി

അധികാരത്തിലെത്തിയാൽ പൂജാരിമാർക്കും സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാർക്കും മാസം 18,000 രൂപ വീതം നൽകുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം

MediaOne Logo

Web Desk

  • Updated:

    2024-12-30 12:43:41.0

Published:

30 Dec 2024 12:21 PM GMT

kejriwal_Virendraa Sachdeva
X

ഡൽഹി: ആം ആദ്‌മി പാർട്ടിയുടെ പൂജാരി ഗ്രന്ഥി സമ്മാൻ രാശി സ്‌കീമിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കരുതുമ്പോൾ മാത്രമാണ് ശ്രീരാമനെ ആം ആദ്‌മിക്ക് ഓർമ വരുന്നതെന്നായിരുന്നു വിമർശനം. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാർക്കും മാസം 18,000 രൂപ വീതം നൽകുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം.

ഇതാദ്യമായാണ് മതപുരോഹിതന്മാർക്കായി രാജ്യത്ത് ഇത്തരമൊരു സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു കെജ്‌രിവാൾ പൂജാരി ഗ്രന്ഥി സമ്മാൻ രാശി സ്‌കീം പ്രഖ്യാപിച്ചത്. മൗലാനമാർക്കും ഇമാമുമാർക്കും ശമ്പളം നൽകിയതിനെതിരെ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

'പണ്ഡിറ്റുകൾക്ക് പണം നൽകാതെ ഇമാമുമാർക്കും മുല്ലമാർക്കും പണം നൽകിയത് എന്തിനാണെന്ന് കെജ്‌രിവാൾ കോടതിയിൽ ഉത്തരം നൽകേണ്ടി വരും. ഇതൊഴിവാക്കാൻ വേണ്ടിയാണ് പൂജാരിമാർക്ക് ഹോണറേറിയം പ്രഖ്യാപിച്ച് രംഗത്തെത്തിയിടിക്കുന്നത്. ഇത് ബിജെപി വർഷങ്ങളായി ഉയർത്തുന്ന ആവശ്യമായിരുന്നു. 2013 മുതൽ അവർ മൗലവികൾക്ക് ശമ്പളം നൽകാൻ തുടങ്ങിയിരുന്നുവെന്ന് ഞാൻ ഓർമിപ്പിക്കുകയാണ്'- വീരേന്ദ്ര സച്ച്ദേവ മാധ്യമങ്ങളോട് പറഞ്ഞു.

'ഇതുവരെ, 58 കോടി 30 ലക്ഷത്തി 90,000 രൂപയാണ് പള്ളികളിലെ ഇമാമുമാർക്ക് നൽകിയത്. ഞങ്ങളെ എന്തുകൊണ്ട് ഓർത്തില്ല എന്ന് ക്ഷേത്രത്തിലെ പൂജാരിമാർ അരവിന്ദ് കെജ്‌രിവാളിനോട് ചോദിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, കാൽക്കീഴിലെ മണ്ണ് ചോർന്നുപോകുന്നത് കാണുമ്പോൾ പെട്ടെന്ന് ശ്രീരാമനെ ഓർമ വന്നിരിക്കുന്നു'- സച്ച്ദേവ കൂട്ടിച്ചേർത്തു.

പൂജാരിമാരുടെയും ഗ്രന്ഥിമാരുടെയും രജിസ്‌ട്രേഷനിൽ ഇടപെടരുതെന്ന് കെജ്‌രിവാൾ നേരത്തെ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ദൈവകോപത്തിനിടയാക്കും എന്നായിരുന്നു വിശദീകരണം. സർക്കാർ ഫണ്ടിലെ അപര്യാപ്തത പദ്ധതിയെ ബാധിക്കില്ല. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹോണറേറിയം ലഭിക്കുന്ന മൊത്തം പുരോഹിതന്മാരുടെ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഡൽഹിയിലെ എല്ലാ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഹോണറേറിയം രജിസ്‌ട്രേഷൻ നടക്കും. ഇതിനായി എഎപി എംഎൽഎമാരും സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും മുന്നിട്ടിറങ്ങുമെന്നും കെജ്‌രിവാൾ അറിയിച്ചിരുന്നു.

TAGS :

Next Story