Quantcast

'ബിജെപിയുടെ താരപ്രചാരകർ വീണു'; ഇ.ഡി ഉദ്യോ​ഗസ്ഥൻ കൈക്കൂലിക്കേസിൽ അറസ്റ്റിലായതിനെ പരിഹസിച്ച് കോൺ​ഗ്രസ്

തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇ.ഡി ഉദ്യോഗസ്ഥൻ പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    2 Dec 2023 1:21 PM GMT

BJP star campaigners stumbled Congress jibe over ED officers arrest in Tamil Nadu
X

ന്യൂഡൽഹി: 20 ലക്ഷം കൈക്കൂലി വാങ്ങിയതിന് തമിഴ്നാട്ടിൽ ഇ.ഡി ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് കോൺ​ഗ്രസ്. ബിജെപിയുടെ സൂപ്പർ സ്റ്റാർ പ്രചാരകർ വീണ്ടും വീണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. നരേന്ദ്രമോദി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റി അവയുടെ സൽപ്പേര് നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ബിജെപിയുടെ സൂപ്പർ സ്റ്റാർ പ്രചാരകരിൽ ഒരാൾ വീണ്ടും വീണു. ഇത്തവണ തമിഴ്‌നാട്ടിലാണ്. രാജസ്ഥാനിൽ ഇ.ഡി ഉദ്യോഗസ്ഥൻ 15 ലക്ഷം രൂപ കൈക്കൂലിയുമായി പിടിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം. 20 ലക്ഷം രൂപയുമായാണ് ഇ.ഡി ഉദ്യോഗസ്ഥൻ വലയിലായത്'- അദ്ദേഹം വിശദമാക്കി.

'പ്രതിപക്ഷത്തെയും സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റി ഇ.ഡി- സി.ബി.ഐ- ഐ.ടി എന്നീ ഏജൻസികളുടെ സൽപ്പേര് മോദി സർക്കാർ പൂർണമായും തകർത്തു. ഇപ്പോൾ ആ ഏജൻസികളിലെ ഉദ്യോഗസ്ഥർ സ്വന്തമായി പിടിച്ചുപറി റാക്കറ്റ് നടത്തുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ പിടിയിലായത്. അങ്കിത് തിവാരിയെന്ന ഉദ്യോ​ഗസ്ഥനാണ് അറസ്റ്റിലായത്. തമിഴ്നാടും വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.

അറസ്റ്റിലായ ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ (ഡിവിഎസി) ഇഡിയുടെ മധുരയിലെ ഓഫീസിൽ പരിശോധന നടത്തി. അങ്കിത് തിവാരിയുടെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്കിത് നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും മധുര, ചെന്നൈ ഓഫീസുകളിലെ കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്തിയേക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.



TAGS :

Next Story