ഒഡീഷ ട്രെയിന്‍ ദുരന്തം; നഷ്ടപരിഹാരം നല്‍കിയത് 2000 രൂപ നോട്ടുകളായി, ടി.എം.സിക്കെതിരെ ബി.ജെ.പി
റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി ഇത്തരത്തില്‍ ധനസഹായം വിതരണം ചെയ്തതെന്നും ആരോപിക്കുന്നു
മജുംദാര്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന്
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത് 2000 രൂപയുടെ നോട്ടുകളായിട്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി ഇത്തരത്തില്‍ ധനസഹായം വിതരണം ചെയ്തതെന്നും ആരോപിക്കുന്നു.
ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള ഒരു കുടുംബം 2000 രൂപ നോട്ടുകെട്ടുകള്‍ കൈവശം വച്ചിരിക്കുന്നതായി കാണിക്കുന്ന വീഡിയോയും പശ്ചിമ ബംഗാള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ കുടുംബാംഗത്തെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി ലഭിച്ച പണമാണിതെന്നും മജുംദാര്‍ ചൂണ്ടിക്കാണിച്ചു.
'മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഒരു മന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഇരകളുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നു, ഈ 2000 രൂപ നോട്ടുകളുടെ ഉറവിടം എന്താണ് ?' അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. നിലവിൽ 2000 രൂപ നോട്ടുകളുടെ വിതരണ നിര്‍ത്തിയതിനാല്‍ അവ ബാങ്കുകൾ മുഖേന മാറ്റിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2000 രൂപ നല്‍കി അവരുടെ പ്രശ്നങ്ങള്‍ കൂട്ടുകയല്ലേ എന്നും ടി.എം.സിക്ക് തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയല്ലേ ഇതെന്നും മജുംദാര്‍ ചോദിച്ചു.
മേയ് 19നാണ് രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. സെപ്തംബര്‍ 30 വരെ ഈ നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാനാകും. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ബംഗാൾ സർക്കാർ 5 ലക്ഷം രൂപ വീതം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചിരുന്നു. ജൂണ്‍ 2നാണ് രാജ്യത്തെ നടുക്കിയ ട്രെയിനപകടം ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം ഉണ്ടായത്. 275 പേരാണ് അപകടത്തില്‍ മരിച്ചത്.
মমতা বন্দ্যোপাধ্যায়ের নির্দেশে তৃণমূল দলের পক্ষ থেকে নিহতদের পরিবারকে 2 লক্ষ টাকার আর্থিক সাহায্য করছেন রাজ্যের একজন মন্ত্রী। সাধুবাদ জানাই। কিন্তু এপ্রসঙ্গে এই প্রশ্নটাও রাখছি, একসাথে 2000 টাকার নোটে 2 লক্ষ টাকার বান্ডিলের উৎস কি? pic.twitter.com/TlisMituGG
— Dr. Sukanta Majumdar (@DrSukantaBJP) June 6, 2023
Adjust Story Font
16