Quantcast

'അവര്‍ എന്നെയും വിട്ടില്ല'; കോൺഗ്രസ് നേതാക്കളെയെല്ലാം ബി.ജെ.പി വലയിട്ടുപിടിക്കാൻ നോക്കുന്നുവെന്ന് ഡി.കെ ശിവകുമാർ

''പല ബി.ജെ.പി നേതാക്കളും എന്നോട് സംസാരിക്കുന്നുണ്ട്. ഞങ്ങളെ നോക്കിനിൽക്കുകയാണവർ. ഇപ്പോൾ അവരുടെ പേര് വെളിപ്പെടുത്തുന്നില്ല.''

MediaOne Logo

Web Desk

  • Published:

    26 Jan 2024 3:18 PM GMT

BJP trying to lure our leaders. Im too in touch with them: Karnataka Congress chief and Deputy CM DK Shivakumar
X

ഡി.കെ ശിവകുമാര്‍

ബംഗളൂരു: പ്രലോഭനങ്ങളുമായി ബി.ജെ.പി നേതാക്കൾ തന്നെയും സമീപിച്ചെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഒരുപാട് കോൺഗ്രസ് നേതാക്കളെ അവർ ബന്ധപ്പെടുകയും വലയിട്ടു പിടിക്കാൻ നോക്കുകയും ചെയ്യുന്നുണ്ട്. ആ പണി തങ്ങൾക്കും അറിയാമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു.

മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് വിട്ട് വീണ്ടും ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ''പല (ബി.ജെ.പി) നേതാക്കളും എന്നോട് സംസാരിക്കുന്നുണ്ട്. അവർ ഞങ്ങളെ നോക്കിനിൽക്കുകയാണ്. അവരുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.''-ഡി.കെ പറഞ്ഞു.

''കോൺഗ്രസ് നേതാക്കളെയെല്ലാം വലയിട്ടു പിടിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഒരാളെയും ഒഴിവാക്കിയിട്ടില്ല. പേരുകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ആ പണി ഞങ്ങൾക്കും അറിയാം. ഇപ്പോൾ ഒന്നും പറയുന്നില്ല, മിണ്ടാതിരിക്കുന്നു എന്നു മാത്രമേയുള്ളൂ.

അവർ ഞാനുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നെ പോലും വിട്ടിട്ടില്ല. ആ പട്ടിക ഞാൻ പുറത്തുവിടണോ? തൽക്കാലം നമുക്കത് ഇപ്പോൾ വേണ്ട.''-ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

ഒരു ഉറച്ച പ്രവർത്തകന് സീറ്റ് നൽകാതെയാണ് ജഗദീഷ് ഷെട്ടാറിന് ടിക്കറ്റ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയത്. തെരഞ്ഞെടുപ്പിൽ 35,000 വോട്ടിനു തോറ്റിട്ടും എം.എൽ.സിയാക്കി. കഴിഞ്ഞ മൂന്നു മാസമായി ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ടെന്ന് അറിയാമായിരുന്നു. പാർട്ടി വിടില്ലെന്ന് അദ്ദേഹം സ്ഥിരം പറയാറുള്ളതുമാണ്. തൊട്ടുതലേ ദിവസം വരെ ഞാൻ ഷെട്ടാറുമായി സംസാരിച്ചിരുന്നു. എന്നാൽ, പെട്ടെന്നാണ് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുന്നതെന്നും ഡി.കെ വെളിപ്പെടുത്തി.

കോൺഗ്രസ് സമുദ്രം പോലെയാണ്. ആളുകൾ വരികയും പോകുകയും ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ 136 സീറ്റുകളിൽ സ്വന്തം ശക്തികൊണ്ടാണ് ഞങ്ങൾ ജയിച്ചത്. ചില വീഴ്ചകൾ കാരണം ഏഴോ എട്ടോ സീറ്റ് നഷ്ടപ്പെട്ടു. അല്ലെങ്കിൽ 141 സീറ്റ് ആയിരുന്നു തങ്ങളുടെ കണക്കുകൂട്ടലെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

Summary: ''BJP trying to lure our leaders. I'm too in touch with them'': Karnataka Congress chief and Deputy CM DK Shivakumar

TAGS :

Next Story