ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബി.ജെ.പി; അവർ പരാജയം സമ്മതിച്ചെന്ന് കോൺഗ്രസ്
ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. അതേസമയം, ബി.ജെ.പിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. ബി.ജെ.പി തോൽവി സമ്മതിച്ചെന്ന് മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡ പറഞ്ഞു.
ഹരിയാന ബി.ജെ.പി അധ്യക്ഷൻ മോഹൻലാൽ ബദോലിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. അവധി ദിനങ്ങളുള്ളതിനാൽ ജനങ്ങൾ അവധിക്കാലം ആഘോഷിക്കാൻ പോകുമെന്നും ഇത് വോട്ട് ശതമാനത്തെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ തീയതി തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതിലൂടെ ബി.ജെ.പി പരാജയം സമ്മതിച്ചെന്ന് കോൺഗ്രസ് നേതാവ് ഭുപീന്ദർ സിങ് ഹൂഡ പരിഹസിച്ചു. നിലവിലെ സർക്കാറിനെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 16നാണ് തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഹരിയാനയിൽ തുടർച്ചയായ മൂന്നാംഭരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാൽ, വീണ്ടും ഭരണത്തിലേറാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ആകെ 90 മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്.
Adjust Story Font
16