Quantcast

മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി ശ്രമമെന്ന് ആദിത്യ താക്കറെ

അക്രമങ്ങൾ എളുപ്പത്തിൽ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ഔറം​ഗസേബ് വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    18 March 2025 11:52 AM

BJP wants to make Maharashtra the next Manipur Says Aaditya Thackeray on Nagpur riots
X

മുംബൈ: നാ​ഗ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആദിത്യ താക്കറെ പറഞ്ഞു.

'മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കി മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. മണിപ്പൂരിൽ കഴിഞ്ഞ ഒരു വർഷമായി വീണ്ടും അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. ഇത് നിക്ഷേപങ്ങളെയും ടൂറിസത്തെയും ബാധിച്ചു. മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു'- ആദിത്യ താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അക്രമങ്ങൾ എളുപ്പത്തിൽ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ഔറം​ഗസേബ് വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ ആരോപിച്ചു. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രം​ഗ്ദൾ സംഘടനകൾ നടത്തിയ മാർച്ചിനു പിന്നാലെയാണ് നാ​ഗ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

നാ​ഗ്പൂരിൽ സംഘർഷത്തിനു കാരണക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മന്ത്രിമാരുമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തിയിരുന്നു. ഫഡ്‌നാവിസിന്റെയും മന്ത്രിമാരുടെയും പരാമർശങ്ങൾ പ്രകോപനത്തിന് കാരണമായെന്നും ഇതാണ് നാഗ്പൂരിൽ തീവയ്പ്പിന് കാരണമായതെന്നും ഉവൈസി വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി, മഹാരാഷ്ട്ര മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയ പ്രസ്താവനകൾ പരിശോധിക്കണം. ഏറ്റവും വലിയ പ്രകോപനപരമായ പ്രസ്താവനകൾ സർക്കാരിൽ നിന്നാണ് വരുന്നത്. അവർ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന ഉത്തരവാദിത്തം പോലും സ്വയം തിരിച്ചറിയുന്നില്ല'- ഉവൈസി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പേരിലാണ് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. നിയമവാഴ്ച പാലിക്കുക. ഇത് സർക്കാരിന്റെയും ഇന്റലിജൻസിന്റേയും പരാജയമാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടേയും ജന്മനാടായ നാഗ്പൂരിലാണ് സംഭവം നടന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷത്തെ തുടർന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക് പ്രദേശത്തെ മഹലിലാണ് തിങ്കളാഴ്ച രാത്രി ഏകദേശം 7.30ഓടെ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ ശേഷമായിരുന്നു വിഎച്ച്പി‌, ബജ്രം​ഗ്ദൾ മാർച്ച്. സംഘർഷത്തിൽ നിരവധി കടകൾക്കും വാഹനങ്ങൾക്കും മെഡിക്കൽ ക്ലിനിക്കിനും തീവച്ചു. സംഘര്‍ഷത്തിൽ നിരവധി വീടുകൾ തകര്‍ക്കപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമം തുടരുന്നതിനിടെ ഇന്നലെ രാത്രി 10.30നും 11.30 നും ഇടയിൽ നാഗ്പൂരിലെ ഹൻസപുരി പ്രദേശത്ത് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്നാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പൊലീസ് സന്നാ​ഹത്തെ വിന്യസിച്ച് ‌‌‌‌സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് ബിജെപിയും സംഘ്പരിവാർ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്. പരാമർശത്തെ തുടർന്ന് മാർച്ച് 26 വരെ അദ്ദേഹത്തെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പൊതുജനവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രം​ഗത്തെത്തിയിരുന്നു.

TAGS :

Next Story