കേരളത്തിലും ബംഗാളിലും ബി.ജെ.പി ഉടൻ അധികാരത്തിലെത്തും; ത്രിപുര മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ വികസനങ്ങൾ മൂലമാണ് ഒഡിഷയിൽ ബിജെപി വിജയം നേടിയതെന്നും സാഹ അവകാശപ്പെട്ടു.
അഗർത്തല: കേരളത്തിലും പശ്ചിമബംഗാളിലും ബി.ജെ.പി ഉടൻ അധികാരത്തിലെത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. വികസന പ്രവർത്തനങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധതയിൽ ഈ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും സാഹ അവകാശപ്പെട്ടു.
“വികസന പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയിലൂടെ പൊതുജനങ്ങളിൽ ബി.ജെ.പിയോടുള്ള വിശ്വാസം വർധിപ്പിച്ച് ഉടൻ തന്നെ പശ്ചിമ ബംഗാളിലും കേരളത്തിലും സർക്കാർ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷ”- അഗർത്തലയിലെ ബർദോവാലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ സാഹ പറഞ്ഞു.
പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയ റാലികൾ നടത്തുന്നത് തടയാൻ പൊലീസിനെ ഉപയോഗിച്ചെങ്കിലും പിന്നീട് അവരെ വിട്ടയച്ചെന്ന് സാഹ ആരോപിച്ചു.
നമ്മൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പിന്നെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ജനങ്ങളുടെ വികസനത്തിനായി പാർട്ടി ശ്രമിക്കുമ്പോൾ വോട്ടർമാരെ എന്തിന് തടയണം? ഞങ്ങൾ ഈ രീതി ഇല്ലാതാക്കിയെങ്കിലും പശ്ചിമബംഗാളിൽ ഇത് ഇപ്പോഴും തുടരുകയാണ്”- സാഹ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വികസനങ്ങൾ മൂലമാണ് ഒഡിഷയിൽ ബിജെപി വിജയം നേടിയതെന്നും പശ്ചിമബംഗാളിലും കേരളത്തിലും ഈ വിജയം ഉടൻ ആവർത്തിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സാഹ അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റുകളിൽ ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയിച്ചത്. 24 വർഷത്തെ ബിജെഡി ഭരണത്തിന് വിരാമമിട്ടായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്.
Adjust Story Font
16