ക്ഷേത്രത്തിൽ യുവതിക്ക് നേരെ അതിക്രമം, ജാതിയധിക്ഷേപം; ബിജെപി പ്രവർത്തകനെതിരെ കേസ്
ഗണേശോത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന യോഗത്തിനിടെയായിരുന്നു സംഭവം.
മുംബൈ: ക്ഷേത്രത്തിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതിന് ബിജെപി പ്രവർത്തകനെതിരെ കേസ്. മഹാരാഷ്ട്ര താനെയിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി വിജയ് ത്രിപാഠി എന്നയാൾക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും മറ്റൊരാൾക്കെതിരെ ജാതിയധിക്ഷേപം നടത്തുകയും ചെയ്തു എന്ന പരാതികളിലാണ് നടപടി.
ഒരു യുവതിയും യുവാവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകനായ വിജയ് ത്രിപാഠിക്കും മറ്റ് മൂന്നു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗണേശോത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന പ്രാദേശിക നേതാക്കളുടെ യോഗത്തിനിടെയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ ത്രിപാഠി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറിയെന്നും ഇതിനെ സ്ത്രീ എതിർത്തപ്പോൾ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
ഇതിൽ, ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 74 (സ്ത്രീത്വത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 298 (ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തിൽ നടത്തുന്ന അതിക്രമം) എന്നിവയടക്കം ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
യോഗത്തിൽ ഒരു യുവാവിനെ അസഭ്യം പറയുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തതിനാണ് രണ്ടാമത്തെ കേസ്. യുവാവിന്റെ പരാതിയിൽ ത്രിപാഠിക്കെതിരെ ബിഎൻഎസ് സെക്ഷൻ 115 (2), 352 എന്നിവയും പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Adjust Story Font
16