Quantcast

മുസ്‌ലിംകളാണെന്ന് ആരോപിച്ച് കാവഡ് തീർഥാടകര്‍ക്കുനേരെ ആക്രമണം; ബിജെപി യുവനേതാവ് അറസ്റ്റിൽ

സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയെങ്കിലും ഗജേന്ദ്രയ്‌ക്കെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    4 Sep 2024 11:46 AM GMT

മുസ്‌ലിംകളാണെന്ന് ആരോപിച്ച് കാവഡ് തീർഥാടകര്‍ക്കുനേരെ ആക്രമണം; ബിജെപി യുവനേതാവ് അറസ്റ്റിൽ
X

ലഖ്‌നൗ: യു.പിയില്‍ മുസ്‌ലിംകളാണെന്ന് ആരോപിച്ച് കാവഡ് തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാഥ്‌റസിലാണു സംഭവം. മധ്യപ്രദേശിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്. ഹാഥ്‌റസ് ശാഖാ ബിജെപി യുവമോർച്ച വൈസ് പ്രസിഡന്റ് ഗജേന്ദ്ര റാണയാണ് കേസിൽ അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്ന് തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന എട്ടുപേരാണ് ഹാഥ്‌റസിൽ ഒരു പെട്രോൾ പമ്പിൽ ആക്രമണത്തിനിരയായത്. പെട്രോൾ പമ്പിൽ വിശ്രമിക്കുകയായിരുന്നു തീർഥാടകർ. ഈ സമയത്ത് മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗജേന്ദ്ര ഇവരോട് പോകാൻ ആവശ്യപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചെത്തിയ മുസ്‍ലിംകളാണ് ഇവരെന്നും ശ്രാവണ മാസം കഴിഞ്ഞിട്ടും കാവഡ് തീർഥാടകരെന്ന വ്യാജേന ഇറങ്ങിയതാണെന്നും ആരോപിച്ച് ഇയാൾ ചോദ്യംചെയ്യാൻ തുടങ്ങി. എന്നാൽ, തീർഥാടകർ ആധാർ കാർഡ് കാണിച്ചിട്ടും ഇയാൾ അടങ്ങിയില്ല. ഇവരെ മർദിക്കുകയും ശകാരവർഷം ചൊരിയുകയും ചെയ്തു. ഹരിദ്വാറിൽനിന്നു തീർഥം ശേഖരിച്ചുവരുന്ന വഴിയാണെന്നും വെറുതെവിടണമെന്നും കേണപേക്ഷിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു.

തുടർന്ന് തീർഥാടകർ ഫോണിൽ വിളിച്ചറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ ബിജെപി നേതാവ് പൊലീസുകാർക്കുനേരെയും തിരിഞ്ഞു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും യൂനിഫോം പിടിച്ചുവലിക്കുകയും കീറുകയും ചെയ്തതു. പിന്നീട് കാവഡ് തീർഥാടകരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തീർഥാടനം കഴിഞ്ഞു മടങ്ങുംവഴി രാത്രിയായതോടെ പെട്രോൾ പമ്പിൽ തങ്ങാൻ തീരുമാനിച്ചതായിരുന്നു. ഈ സമയത്താണ് അക്രമി സ്ഥലത്തെത്തിയെന്ന് ഹാഥ്‌റസിലെ ചാന്ദ്പ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സംഘത്തിലുണ്ടായിരുന്ന മധ്യപ്രദേശ് മൊറേന സ്വദേശി സന്തോഷ് ശർമ പറഞ്ഞു.

ഗജേന്ദ്ര റാണയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി ചാന്ദ്പ പൊലീസ് സ്റ്റേഷനിലെത്തി. ഗജേന്ദ്രയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ വിടുകയായിരുന്നു. അന്വേഷണം പൂർത്തിയായാൽ പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹാഥ്‌റസിലെ സദാബാദ് ഡിവൈഎസ്‍പി ഹിമാൻഷു മാത്തൂർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ തീർഥാടകർ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ബിജെപി യുവമോർച്ച ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച കാവഡ് തീർഥാടകർക്കെതിരെ നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്ന് ഹാഥ്‌റസ് യുവമോർച്ച പ്രസിഡന്റ് അനുരാഗ് അഗ്നിഹോത്രി പ്രതികരിച്ചു. നടന്ന സംഭവങ്ങളെ കുറിച്ച് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. കാവഡ് തീർഥാടകർക്കും പൊലീസിനും നേരെ അതിക്രമം നടത്തിയ ഗജേന്ദ്ര റാണയ്‌ക്കെതിരായ നടപടി പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും അനുരാഗ് പറഞ്ഞു. അതേസമയം, ഇതുവരെയും ഇയാൾക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടില്ല.

Summary: BJP youth wing leader in Uttar Pradesh beats up Kanwariyas alleging them as Muslims, arrested

TAGS :

Next Story