Quantcast

അജിത് പവാർ പക്ഷ എൻസിപി ബന്ധം; മഹായുതി സഖ്യത്തിൽ അസ്വസ്ഥത പുകയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് അജിത് പവാർ പക്ഷവുമായുള്ള സഖ്യത്തിനെതിരെ ബിജെപിയിൽ വിമർശനമുയർന്നത്.

MediaOne Logo

Web Desk

  • Published:

    4 Sep 2024 5:45 AM GMT

BJP’s choice to retain Ajit-led NCP in alliance sparks defections ahead of Maharashtra polls
X

മുംബൈ: അജിത് പവാർ പക്ഷ എൻ.സി.പിയുമായുള്ള ബന്ധത്തെ ചൊല്ലി മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിൽ ഭിന്നത പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ സഖ്യത്തിൽ അനൈക്യം പുകയുന്നത് ബി.ജെ.പി നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. 21 മണ്ഡലങ്ങളിൽ എൻസിപി സഖ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ തുറന്നു പറഞ്ഞു.

''ഞങ്ങളുടെ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമർജീത്‌സിൻഹ് ഗാട്‌ഗെ, ഹർഷ് വർധൻ പാട്ടീൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ശരദ് പവാർ പക്ഷ എൻസിപിയുമായി യോജിച്ചു പ്രവർത്തിക്കാനാണ് അവരുടെ തീരുമാനം. അതിൽനിന്ന് പിന്തിരിപ്പിക്കാനായില്ല. ശരദ് പവാർ അധികാര രാഷ്ടീയം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾക്ക് മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്''-ബവൻകുലെ പറഞ്ഞു.

അതേസമയം അജിത് പവാറുമായി യോജിക്കാനുള്ള നീക്കം ബിജെപിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് മുതിർന്ന നേതാവ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ സഖ്യം പാർട്ടിക്ക് സൃഷ്ടിക്കുന്ന നഷ്ടം നേതൃത്വം തിരിച്ചറിയുന്നില്ല. യുവനേതാവായ സമർജീത് സിൻഹ് പാർട്ടി വിട്ടു. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമുള്ള പാർട്ടിയിൽനിന്നാണ് അദ്ദേഹം എൻസിപിയിലേക്ക് പോകുന്നത്. സമർജീത് സിൻഹിനെപ്പോലുള്ള യുവാക്കൾ മറ്റൊരു പാർട്ടിയിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി കാണുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും ബിജെപി നേതാവ് പറഞ്ഞു.

വലിയ അഴിമതിയാരോപണം നേരിട്ട കളങ്കിതരായ നേതാക്കളാണ് ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിമാരാകുന്നത്. ഇത്തരം ആളുകളുമായുള്ള ബന്ധം പാർട്ടിയുടെ പ്രതിച്ഛായയെ വലിയ രീതിയിൽ കളങ്കപ്പെടുത്തുന്നുണ്ട്. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് 70,000 കോടിയുടെ അഴിമതിയാരോപണം നേരിടുന്നയാളാണ് അജിത് പവാർ. ആദർശ് ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആളാണ് കോൺഗ്രസ് മുൻ മുഖ്യമന്ത്രിയായ അശോക് ചവാൻ. ഇത്തരക്കാരെ കൂടെക്കൂട്ടുമ്പോൾ അഴിമതിക്കെതിരായ പാർട്ടി നിലപാടിനെ ആളുകൾ സംശയിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് അജിത് പവാർ പക്ഷവുമായുള്ള സഖ്യത്തിനെതിരെ ബിജെപിയിൽ വിമർശനമുയർന്നത്. ഏക്‌നാഥ് ഷിൻഡെ പക്ഷ ശിവസേനാ നേതാക്കളും അജിത് പവാർ പക്ഷ എൻസിപിയെ കൂടെക്കൂട്ടുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ എൻസിപിയെ പൂർണമായി തള്ളി തെരഞ്ഞെടുപ്പ് വിജയിക്കാനാവുമെന്ന ആത്മവിശ്വാസം ബിജെപി നേതൃത്വത്തിനില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ആകെയുള്ള 48 സീറ്റിൽ 17 ഇടത്ത് മാത്രമാണ് മഹായുതി സഖ്യത്തിന് വിജയിക്കാനായത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡി 31 സീറ്റ് നേടിയിരുന്നു. ആർഎസ്എസ് നേതൃത്വവും അജിത് പവാറുമായുള്ള ബന്ധത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയിലാണ് അജിത് പവാർ മഹായുതി സഖ്യത്തിൽ തുടരുന്നത്.

TAGS :

Next Story