Quantcast

പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും; അസമില്‍ വമ്പന്‍ നീക്കവുമായി ബി.ജെ.പി ഐ.ടി സെൽ സ്ഥാപകൻ

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി അടുത്ത ബന്ധമുള്ള പ്രൊദ്യുത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-26 11:42:06.0

Published:

26 Feb 2023 11:40 AM GMT

BJPITCellfounderProdyutBora, BJPITCellfoundertoCongress
X

ഗുവാഹത്തി: 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഐ.ടി സെൽ നേതാവ് കോൺഗ്രസിൽ ചേരുന്നു. ബി.ജെ.പി ഐ.ടി സെൽ സ്ഥാപകനായ പ്രൊദ്യുത് ബോറയാണ് തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽ.ഡി.പി)യെ കോൺഗ്രസിൽ ലയിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് വരുന്നത്. 2015ൽ ബി.ജെ.പി വിട്ടിരുന്നു പ്രൊദ്യുത്.

ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ'യുടെ നോർത്തീസ്റ്റ് എഡിഷനാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പ്രൊദ്യുത് പ്രതികരിച്ചു. 'പാർട്ടി ഇതുവരെ കോൺഗ്രസിൽ ലയിച്ചിട്ടില്ല. കോൺഗ്രസിൽ ലയിപ്പിക്കാൻ ഞാൻ പാർട്ടിക്ക് ഉപദേശം നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല.'-പ്രൊദ്യുത് 'ഇന്ത്യ ടുഡേ എൻ.ഇ'യോട് പ്രതികരിച്ചു.

പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം വിളിച്ചുചേർത്തിട്ടു വേണം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഇക്കാര്യത്തിൽ പ്രമേയം പാസാക്കുകയും വേണമെന്ന് പറഞ്ഞ പ്രൊദ്യുത് രാഷ്ട്രീയം തന്നെ വിടാൻ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു. ഒരു പൗരനായി ജീവിക്കാനാണ് ആഗ്രഹം. ഈ (രാഷ്ട്രീയ) ലോകത്തുനിന്ന് പൂർണമായും ബന്ധം വിച്ഛേദിക്കാനാണ് ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ പ്രൊദ്യുതും കൂടെ ചേരുമോ എന്ന കാര്യം വ്യക്തമല്ല.

രാജ്യത്തെ ഗുരുതരമായ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രൊദ്യുത് എൽ.ഡി.പി നേതൃത്വത്തിനും പ്രവർത്തകർക്കും മുന്നിൽ പുതിയ നിർദേശം മുന്നോട്ടുവച്ചതെന്നാണ് വിവരം. പ്രതിപക്ഷനിരയെ ശക്തിപ്പെടുത്താൻ കോൺഗ്രസിൽ ലയിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും നിലപാട് പുറത്തുവന്നിട്ടില്ല.

ആരാണ് പ്രൊദ്യുത് ബോറ?

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ തുടർഭരണം അവസാനിപ്പിച്ച് 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോൾ ബി.ജെ.പി ഐ.ടി സെല്ലിന് അതിൽ നിർണായക പങ്കുണ്ടായിരുന്നു. പാർട്ടി യുവനിര സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങൾ മോദിയുടെ പ്രതിച്ഛായ നിർമാണത്തിൽ വലിയ പങ്കാണ് വഹിച്ചത്. അസമിൽനിന്നുള്ള യുവനേതാവായ പ്രൊദ്യുത് ബോറയായിരുന്നു ആ നീക്കങ്ങൾക്കു മുന്നിൽനിന്നത്.

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രൊദ്യുത്. ഈ ബന്ധത്തിന്റെ ബലത്തിൽ തന്നെയാണ് 2004ൽ ബി.ജെ.പിയിലെത്തിയ അദ്ദേഹം ചുരുങ്ങിയ വർഷംകൊണ്ട് പാർട്ടി ദേശീയ നേതൃത്വത്തിലേക്ക് ഉയർന്നതും. പാർട്ടി ദേശീയ നിർവാഹക സമിതി അംഗം വരെ ആയി പ്രൊദ്യുത്.

2015ലാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നയനിലപാടുകളിൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി വിടുന്നത്. ഒരു പതിറ്റാണ്ടുമുൻപ് ചേരുമ്പോഴുണ്ടായിരുന്ന ബി.ജെ.പിയല്ല ഇപ്പോഴുള്ളതെന്നും മോദി ഭരണകൂടം രാജ്യത്തിന്റെ ജനാധിപത്യം തകർത്തെന്നും ആരോപിച്ച് പ്രൊദ്യുത് പാർട്ടി ഭാരവാഹിത്വവും പ്രാഥമികാംഗത്വങ്ങളെല്ലാം രാജിവച്ചു. എന്തുവില കൊടുത്തും ജനാധിപത്യത്തിന്റെ എല്ലാ തത്വങ്ങൾ തകർത്തും ജയിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദിയും അമിത് ഷായും ചേർന്ന് പാർട്ടിയിൽ ഏകാധിപത്യ വാഴ്ചയാണെന്നും പ്രൊദ്യുത് വിമർശിച്ചു.

പാർട്ടി വിട്ട പ്രൊദ്യുത് ബോറ ഒരു രാഷ്ട്രീയ പാർട്ടിക്കും രൂപംനൽകി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ അസം കേന്ദ്രമായാണ് പുതിയ കക്ഷിക്ക് രൂപംനൽകിയത്.

Summary: BJP's IT cell founder Prodyut Bora, who quit the party in 2015, is planning to merge his Assam based Liberal Democratic Party (LDP) with Congress: Reports

TAGS :

Next Story