ഷിൻഡെ പക്ഷത്തിന് തിരിച്ചടി; ശിവാജി പാർക്കിലെ ദസറ റാലിക്ക് ഉദ്ധവ് പക്ഷത്തിന് അനുമതി
പാർട്ടിയുടെ നിലപാടും നയങ്ങളും പ്രഖ്യാപിക്കുന്ന ദസറ റാലി 1966 മുതൽ ശിവാജി പാർക്കിലാണ് നടക്കുന്നത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദസറ റാലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.
മുംബൈ: ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷത്തിന് വിധി വൻ തിരിച്ചടിയായി.
ശിവാജി പാർക്കിലെ ദസറ റാലിക്ക് ഇരുപക്ഷത്തിനും മുംബൈ നഗരസഭ അനുമതി നിഷേധിച്ചിരുന്നു. നഗരസഭയുടെ വിലക്കിനെതിരെ ബോംബെ ഹൈകോടതിയെ സമീപിക്കുകയും ഉദ്ധവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ധവ് വിഭാഗം പ്രതികരിച്ചു.
താക്കറെ പക്ഷത്തിന് അനുമതി നിഷേധിച്ച ബിഎംസി ഉത്തരവ് ''നിയമ പ്രക്രിയയുടെ വ്യക്തമായ ദുരുപയോഗം'' ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആർ.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഒക്ടോബർ രണ്ടു മുതൽ ഒക്ടോബർ ആറു വരെ ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയത്.
സെപ്തംബർ 21 ന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എതിരാളികളായ സേനാ വിഭാഗത്തിലെ എംഎൽഎ സദാ സർവങ്കറും സമാനമായ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ബിഎംസി താക്കറെ ക്യാമ്പിന് അനുമതി നിഷേധിച്ചത്. ഒരു വിഭാഗത്തിന് അനുമതി നൽകിയാൽ അത് ക്രമസമാധാന ശ്രമങ്ങളിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംസി അനുമതി നിഷേധിച്ചത്.
പാർട്ടിയുടെ നിലപാടും നയങ്ങളും പ്രഖ്യാപിക്കുന്ന ദസറ റാലി 1966 മുതൽ ശിവാജി പാർക്കിലാണ് നടക്കുന്നത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദസറ റാലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.
Adjust Story Font
16