63കാരിയെ സൈക്കിൾ ഇടിച്ചതിന് ഒമ്പത് വയസുകാരനെതിരായ കേസ് റദ്ദാക്കി കോടതി
കുട്ടിക്കും മാതാവിനും 25,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
മുംബൈ: സൈക്കിൾ ഇടിച്ച് സീരിയൽ നടിയുടെ അമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒമ്പതു വയസുകാരനെതിരായ കേസ് കോടതി റദ്ദാക്കി. മാർച്ച് 27ന് ഗോറെഗാവിൽ നടന്ന സംഭവത്തിൽ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. മകനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.
ജഡരേവതി മൊഹിതെ ദെരെ, എസ്.എം മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. സീരിയൽ നടി സിമ്രാൻ സച്ച്ദേവിന്റെ 63കാരിയായ അമ്മയെയാണ് കുട്ടി സൈക്കിൾ കൊണ്ട് ഇടിച്ചത്. പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി സർക്കാരിനോട് കുട്ടിക്കും മാതാവിനും 25,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
കുട്ടിക്കെതിരെ കേസ് എടുക്കാൻ സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയ അസിസ്റ്റന്‍റ് പൊലീസ് കമീഷണർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും പൊലീസ് രേഖകളിൽ നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസ് നടപടി കുട്ടിക്കുണ്ടാക്കിയ നഷ്ടം വലുതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അവനിൽ കടുത്ത മാനസികാഘാതത്തിനും മാനഹാനിക്കും കാരണമായതായും വ്യക്തമാക്കി.
ഗോറെഗാവിലെ ഒരു ഹൈ-റൈസ് സൊസൈറ്റിയിൽ വച്ചായിരുന്നു കുട്ടി സഞ്ചരിക്കുകയായിരുന്ന സൈക്കിൾ നിയന്ത്രണം വിട്ട് നടിയുടെ അമ്മയെ ഇടിച്ചത്. ഇതിൽ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പത്ത് ദിവസത്തിനു ശേഷം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
നടിയുടെ പരാതിയിൽ കുട്ടിക്കെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 338 വകുപ്പ് (മനുഷ്യ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തിയിലൂടെ ഗുരുതരമായി മുറിവേൽപ്പിക്കൽ) എന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. നടിയും കുട്ടിയും ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
പത്തു വയസുകാരനെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മതാപിതാക്കൾക്കെതിരെ നടപടിയെടുക്കണം എന്ന് മാത്രമായിരുന്നു താൻ ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു നടിയുടെ വാദം.
ഐ.പി.സി സെക്ഷൻ 83 പ്രകാരം പൊലീസിന് കുട്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് മാതാവിന്റെ അഭിഭാഷകൻ ശ്രാവൺ ഗിരി പറഞ്ഞു. ഏഴ് വയസിന് മുകളിലും 12 വയസിനു താഴെയും പ്രായമുള്ള കുട്ടി ചെയ്യുന്ന ഒന്നും കുറ്റകരമല്ലെന്നാണ് ഈ വകുപ്പ് പറയുന്നത്.
അതേസമയം, ഹൈക്കോടതി വിധി വന്നതോടെ നടി പരാതി പിൻവലിച്ചു. വിധി തങ്ങൾക്കുള്ള ദീപാവലി സമ്മാനമാണെന്നും അധികാരം ദുരുപയോഗം ചെയ്തതിന് കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
Adjust Story Font
16