ഒരേ സമയം മലേറിയ, ഡെങ്കിപ്പനി, എലിപ്പനി; 14കാരന് ദാരുണാന്ത്യം
ആഗസ്റ്റ് ആദ്യമാണ് കുട്ടിക്ക് പനി തുടങ്ങിയത്. എന്നാൽ ആശുപത്രിയിൽ പോയില്ല.
മുംബൈ: മലേറിയ, ഡെങ്കിപ്പനി, എലിപ്പനി എന്നിവ ഒരുമിച്ച് ബാധിച്ചതിനു പിന്നാലെ 14കാരന് ദാരുണാന്ത്യം. മുംബൈയിലെ കുർല സ്വദേശിയായ കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് ആദ്യമാണ് കുട്ടിക്ക് പനി തുടങ്ങിയത്.
എന്നാൽ ആശുപത്രിയിൽ പോയില്ല. പ്രദേശത്തെ ഒരു വൈദ്യനിൽ നിന്ന് ഒരാഴ്ച ചികിത്സ തേടി. പിന്നീട് ആഗസ്റ്റ് 14ഓടെ കസ്തൂർബ സർക്കാർ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ മലേറിയയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അധിക പരിശോധനയിൽ എലിപ്പനിയും ഉണ്ടെന്ന് സ്ഥിരീകരിച്ചു. അവസ്ഥ മോശമായതിനെ തുടർന്ന് മുംബൈ സെൻട്രലിലെ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ക്രിയാറ്റിന്റെ അളവും ഉയർന്നു.
അണുബാധയും അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും, ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരേസമയം മൂന്നു രോഗങ്ങളും ബാധിക്കുന്ന സംഭവം വളരെ അപൂർവമാണെന്ന് മുതിർന്ന ഡോക്ടർ ഗിരീഷ് രാജാധ്യക്ഷ പറഞ്ഞു. നേരത്തെ വൈദ്യസഹായം തേടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.
ആഗസ്റ്റിൽ ഡെങ്കിപ്പനി, മലേറിയ കേസുകളിൽ പ്രകടമായ വർധനവുണ്ടായെന്നാണ് മുംബൈ പൗരസമിതിയുടെ മൺസൂൺ റിപ്പോർട്ട്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ആഗസ്റ്റിൽ 959 മലേറിയ കേസുകളും 265 എലിപ്പനി കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16