ഡൽഹി എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണിയയച്ച പ്രതി പിടിയിൽ; ആളെ കണ്ട് ഞെട്ടി പൊലീസ്; ഒരു രസത്തിന് ചെയ്തതെന്ന് വാദം
വിമാനത്താവളത്തിലേക്കു മാത്രമല്ല, വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും താൻ സമാന ഭീഷണികൾ അയച്ചിരുന്നതായി 'പ്രതി' പറഞ്ഞു.
ന്യൂഡൽഹി: വിമാനത്താവളങ്ങൾക്ക് ഉൾപ്പെടെ ബോംബ് ഭീഷണി വരുന്നത് പുതിയ കാര്യമല്ല. വിവരം കിട്ടിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും വ്യാപക പരിശോധന നടത്തും. ഒടുവിൽ അത് വ്യാജമാണെന്ന് തെളിയുകയും ചെയ്യും. ഇപ്പോഴിതാ അതുപോലൊരു ബോംബ് ഭീഷണി ഡൽഹി വിമാനത്താവളത്തിലേക്കും വന്നു. ടൊറന്റോയിലക്കുള്ള എയർ ക്യാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ച ഭീഷണി സന്ദേശം.
പതിവുപോലെ പൊലീസും സുരക്ഷാ സേനയും പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് തെളിയുകയും ചെയ്തു. പക്ഷേ ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം മറുവശത്ത് ആരംഭിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് പ്രതിയെ കണ്ടെത്തി. പക്ഷേ ആളെ കണ്ട പൊലീസ് ഞെട്ടി. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ 13കാരനായിരുന്നു വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ.
ആളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ വ്യാജ ഭീഷണി സന്ദേശം അയയ്ക്കാനുണ്ടായ കാരണമായിരുന്നു അതിലും രസം. വെറുതെ ഒരു രസത്തിന് ചെയ്തതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. വിമാനത്താവളത്തിലേക്കു മാത്രമല്ല, വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും താൻ സമാന ഭീഷണികൾ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഈ ഭീഷണികളും പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ടി.വിയിലെ സമീപകാല വാർത്തകളിൽ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടെത്താൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും 13കാരൻ പറഞ്ഞു. സന്ദേശമയയ്ക്കാനായി ഒരു വ്യാജ മെയിൽ ഐഡിയും 13കാരനുണ്ടാക്കി. വീട്ടിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ച് സ്വന്തം ഫോണിൽ നിന്നായിരുന്നു മെയിൽ അയച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണി സന്ദേശം അയച്ച ശേഷം ജി-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
'അടുത്ത ദിവസം, ഡൽഹി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയെന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടുവെന്നും ഇതോടെ ആവേശം തോന്നിയെന്നും കുട്ടി ഞങ്ങളോട് പറഞ്ഞു. എന്നാലും ഭയം മൂലം ഇക്കാര്യങ്ങളൊന്നും മാതാപിതാക്കളോട് പറഞ്ഞില്ല'- ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു.
ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ഓഫീസിൽ ജൂൺ 12 രാത്രി 10.50നാണ് ഇ-മെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് വിമാനം 12 മണിക്കൂറിലധികമാണ് വൈകിയത്. വിശദ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ നിന്ന് ഒന്നും കണ്ടെത്താനാവാത്തതിനെ തുടർന്ന് ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അന്വേഷണത്തിൽ, ഇ-മെയിൽ അയച്ചത് യു.പിയിലെ മീററ്റിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് ഡൽഹി പൊലീസ് സംഘം അവിടെയെത്തി കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. പൊലീസ് 13കാരന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകിവരികയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16