ഹിന്ദുവിരുദ്ധമെന്ന്; ആമിർ ഖാന്റെ മകന്റെ അരങ്ങേറ്റ ചിത്രത്തിനും നെറ്റ്ഫ്ലിക്സിനുമെതിരെ ബഹിഷ്കരണ ആഹ്വാനം
'ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്', 'ബാൻ മഹാരാജ് ഫിലിം' തുടങ്ങിയ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങാണ്.
ന്യൂഡൽഹി: ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രം 'മഹാരാജ്'നും നെറ്റ്ഫ്ലിക്സിനുമെതിരെബഹിഷ്കരണ ആഹ്വാനവുമായി ഒരു വിഭാഗം ഹിന്ദു സംഘടനകളും ഹിന്ദുത്വനേതാക്കളും രംഗത്ത്. ജൂൺ 14ന് മഹാരാജ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കെയാണ് ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
'ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്', 'ബാൻ മഹാരാജ് ഫിലിം' തുടങ്ങിയ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങാണ്. നെറ്റ്ഫ്ലിക്സ് ഹിന്ദു വിരുദ്ധ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നുവെന്നും ക്യാമ്പയിനിൽ ആരോപിക്കുന്നു. വിഎച്ച്പി നേതാവ് സാധ്വി പ്രാചിയും 'മഹാരാജ്' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 'സനാതന ധർമത്തെ അനാദരിക്കുന്നത് സഹിക്കില്ല. മഹാരാജ് സിനിമ നിരോധിക്കുക. #ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്'- എന്നാണ് സാധ്വി പ്രാചിയുടെ എക്സ് പോസ്റ്റ്.
ചിത്രത്തിന്റെ റിലീസ് സ്റ്റേ ഗുജറാത്ത് ഹൈക്കോടതി ചെയ്തിട്ടുണ്ട്. സിനിമ മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജിയിലാണ് നടപടി. സിദ്ധാർഥ് മൽഹോത്രയുടെ സംവിധാനത്തിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ജൂൺ 14ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ. പുഷ്ടിമാർഗ വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികളും ഒരു വിഭാഗം കൃഷ്ണഭക്തരും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 1862ലെ മഹാരാജ് അപകീർത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ചിത്രം പൊതുക്രമത്തെ ബാധിക്കുമെന്നും ഇരു വിഭാഗങ്ങളുടെയും ഹിന്ദുമതത്തിൻ്റേയും അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരണ നൽകുമെന്നുമാണ് ഹരജിയിലെ ആരോപണം. ട്രെയ്ലറോ പ്രമോഷൻ പരിപാടികളോ ഇല്ലാതെ രഹസ്യമായാണ് ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നത്. ഇത്തരമൊരു സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചാൽ തങ്ങളുടെ മതവികാരം വ്രണപ്പെടും. അത് നികത്താനാവാത്ത നഷ്ടമുണ്ടാക്കും- എന്നും ഹരജിയിൽ പറയുന്നു.
ഈ വാദങ്ങൾ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് സംഗീത വിശൻ സിനിമയുടെ റിലീസ് സ്റ്റേ ചെയ്‌ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസ് ജൂൺ 18ന് വീണ്ടും വാദം കേൾക്കും. കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകനെതിരായി പുഷ്ടിമാർഗിലെ ആത്മീയ നേതാവായിരുന്ന ജഡുനാഥ്ജി ബ്രിജ്‌രാതൻജി മഹാരാജ് ഫയൽ ചെയ്ത മാനനഷ്ടക്കേസ് അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു
ജുനൈദ് ഖാനെ കൂടാതെ ജയ്ദീപ് അഹ്‌ലവത്, ശാലിനി പാണ്ഡെ, ശർവാരി വാഹ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യാതൊരുവിധ പ്രൊമോഷനുമില്ലാതെയാണ് ചിത്രം റിലീസിനെത്തുന്നത്. ജയ്ദീപും ജുനൈദുമുള്ള ഒരു പോസ്റ്റർ ഒഴികെ ചിത്രത്തിൻ്റേതായി ടീസറോ ട്രെയ്‌ലറോ ഒന്നും നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജി എന്ന കഥാപാത്രമായാണ് ജുനൈദ് ചിത്രത്തിലെത്തുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി വാദിച്ച ഒരു പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് കഴിഞ്ഞമാസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
Adjust Story Font
16