കൈക്കൂലിക്കേസ്: എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് മഹുവ മൊയ്ത്ര
തന്റെ കാര്യത്തിലും ബിജെപി എംപി രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്‌സ് കമ്മിറ്റി സ്വീകരിച്ചത് ഇരട്ട നിലപാടാണെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നാളെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വ്യവസായി ദർശൻ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മോയിത്ര എത്തിക്‌സ് കമ്മിറ്റിക്ക് കത്ത് നൽകി. തന്റെ കാര്യത്തിലും ബിജെപി എംപി രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്‌സ് കമ്മിറ്റി സ്വീകരിച്ചത് ഇരട്ട നിലപാടാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
മഹുവ മൊയ്ത്രക്കെതിരായ ആരോപണം പരിശോധിക്കാൻ പാർലമെന്റ് എത്തിക്സ് കമ്മിറ്റി നേരത്തെ യോഗം ചേർന്നിരുന്നു. പരാതി ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി എന്നിവർ അന്ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. എല്ലാ കാര്യങ്ങളും എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയത്.
Adjust Story Font
16