നിർമാണം പൂർത്തിയാക്കുന്നതേയുള്ളൂ, പാലത്തിന്റെ 'പണികഴിഞ്ഞു'; കരുതിക്കൂട്ടി ചെയ്‌തതെന്ന് ബിഹാർ
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു
ഡൽഹി: ബിഹാറിൽ ഗംഗ നദിക്ക് കുറുകെ നിർമിക്കുന്ന നാലുവരി പാലം തകർന്നുവീണു. പാലത്തിന്റെ 200 മീറ്റർ ഭാഗമാണ് ഇന്നലെ പൊളിഞ്ഞ് നദിയിലേക്ക് വീണത്. ബോധപൂർവം ചെയ്തതാണെന്ന് ബിഹാർ സർക്കാർ ആരോപിച്ചു.
ഖഗാരിയ ജില്ലയിലെ അഗ്വാനിയെ ഭഗൽപൂരിലെ സുൽത്താൻഗഞ്ചുമായി ബന്ധിപ്പിക്കുന്ന 3.1 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം 2014-ലാണ് ആരംഭിച്ചത്. 2019-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാണം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നാലുതവണ സമയപരിധി നീട്ടിനൽകുകയും ചെയ്തു.
എന്നാൽ, പാലത്തിന്റെ ഘടന ഡിസൈൻ ചെയ്തതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയതിനാൽ ബോധപൂർവം പാലം പൊളിച്ചതാണെന്നാണ് ബിഹാർ സർക്കാർ പറയുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമിക്കുന്നത്. 1710 കോടി രൂപ ചെലവിലാണ് നിർമാണം. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും റോഡ് നിർമ്മാണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യയ് അമൃതും വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലം പൊളിഞ്ഞുവീഴുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാനസംഭവം ഉണ്ടായിരുന്നു. 2022 ഏപ്രിൽ 30 ന് ഇതേ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. 2014-ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു പാലത്തിന്റെ നിർമാണം ഉദ്‌ഘാടനം ചെയ്‌തത്. നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
Adjust Story Font
16