വന്ദേഭാരത് ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്ന സംഭവം: പോത്തുകളുടെ ഉടമയ്ക്കെതിരെ കേസെടുത്തു
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് (ആര്‍.പി.എഫ്) കേസെടുത്തത്.
അഹമ്മദാബാദ്: പോത്തുകളുമായി കൂട്ടിയിടിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ മുൻഭാഗം തകർന്ന സംഭവത്തില്‍ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്തു. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പോത്തുകള്‍ ഇടിച്ച് ഇന്നലെയാണ് മുംബൈ - ഗാന്ധിനഗര്‍ വന്ദേമാരത് ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് (ആര്‍.പി.എഫ്) കേസെടുത്തത്.
അഹമ്മദാബാദിലെ വത്വ, മണിനഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാവിലെ 11.15നാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിലിറങ്ങിയ പോത്തുകളുടെ അജ്ഞാതരായ ഉടമകൾക്കെതിരെ ആർ.പി.എഫ് എഫ്.ഐ.ആർ ഫയൽ ചെയ്തെന്ന് അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാർ ജയന്ത് പറഞ്ഞു. പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റെയിൽവേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയുന്ന 1989ലെ റെയിൽവേ ആക്‌ട് സെക്ഷൻ 147 പ്രകാരമാണ് എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ പ്രദീപ് ശർമ പറഞ്ഞു.
നാല് പോത്തുകള്‍ അപകടത്തില്‍ ചത്തു. കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് അധികൃതര്‍ പറഞ്ഞു.
സെപ്തംബര്‍ 30നാണ് ഗാന്ധിനഗർ - മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് സെമി ഹൈസ്പീഡ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷൻ വരെ യാത്ര ചെയ്തു. ട്രെയിനിന് 16 കോച്ചുകളുണ്ട്. ഇന്ത്യ തദ്ദേശീയമായാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിച്ചത്. ട്രെയിനിന്‍റെ കേടുപാടുകള്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്.
Summary- The Railway Protection Force (RPF) in Gujarat has registered a case against the owners of buffaloes that were hit by the Mumbai-Gandhinagar Vande Bharat express, in which the front portion of the train was damaged, officials said on Friday.
Adjust Story Font
16