ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്
തനിക്കെതിരായ വിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ നൽകിയ ഹരജിയിൽ ഹൈക്കോടതി മറ്റന്നാൾ വിധി പറയാനിരിക്കെയാണ് തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് മുഹമ്മദ് ഫൈസലിനെ 10 വർഷം തടവിന് ശിക്ഷിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു മണ്ഡലത്തിൽ എം.പി അയോഗ്യനക്കാപ്പെടുകയോ മരിക്കുകയോ ചെയ്താൽ ആറു മാസത്തിനുള്ളിലാണ് പുതിയ അംഗത്തെ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ സമയമെടുത്താണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ തനിക്കെതിരായ വിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ നൽകിയ ഹരജിയിൽ ഹൈക്കോടതി മറ്റന്നാൾ വിധി പറയാനിരിക്കെയാണ് തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവായിരുന്ന പി.എം സഈദായിരുന്നു ദീർഘകാലം ലക്ഷദ്വീപിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചിരുന്നത്. 2004ൽ ജനതാ ദൾ നേതാവായ പി. പൂക്കുഞ്ഞിക്കോയ പി.എം സഈദിനെ പരാജയപ്പെടുത്തി. 2009-ൽ പി.എം സഈദിന്റെ മകൻ ഹംദുല്ല സഈദ് മണ്ഡലം തിരിച്ചുപിടിച്ചു. 2014ലും 2019ലും എൻ.സി.പി പ്രതിനിധിയായ മുഹമ്മദ് ഫൈസലാണ് ഇവിടെ വിജയിച്ചത്.
സമീപകാലത്ത് കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്ന ലക്ഷദ്വീപ് ജനത ഉപതെരഞ്ഞെടുപ്പിൽ എങ്ങനെ വിധി എഴുതുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ ഹംദുല്ല സഈദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹംദുല്ല സഈദ് ലക്ഷദ്വീപിലും യാത്ര സംഘടിപ്പിച്ചിരുന്നു. നിലവിൽ കോൺഗ്രസിന് തന്നെയാണ് രാഷ്ട്രീയ മുൻതൂക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷദ്വീപിൽ എന്താണ് ലക്ഷ്യമിടുന്നത് എന്നത് അവ്യക്തമാണ്. മുഹമ്മദ് ഫൈസൽ മുമ്പ് അമിത് ഷായെ സന്ദർശിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. ദ്വീപിൽ ചുവടുറപ്പിക്കാൻ പുതിയ രാഷ്ട്രീയ സഖ്യത്തിന് ബി.ജെ.പി നീക്കം നടത്തുന്നതായാണ് സൂചന.
Adjust Story Font
16