Quantcast

ബൈജൂസിന് വീണ്ടും തിരിച്ചടി; ബിസിനസ് കാര്യ തലവനടക്കം മൂന്ന് ഉന്നത ഉദ്യോ​ഗസ്ഥർ രാജിവച്ചു

നേരത്തെ, ബൈജൂസിന്റെ സീനിയർ വൈസ് പ്രസിഡന്റ് അടക്കം നാലു പേർ രാജിവച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-29 09:15:51.0

Published:

29 Aug 2023 9:11 AM GMT

Byjus Business Head, 2 Other Senior Executives Resign
X

ബെം​ഗളൂരു: സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങളിൽ ഉഴറുന്ന എജ്യുടെക് കമ്പനി ബൈജൂസിന് വീണ്ടും തിരിച്ചടി. ബിസിനസ് കാര്യ തലവനടക്കം മൂന്ന് ഉന്നത ഉദ്യോ​ഗസ്ഥർ രാജിവച്ചു. ചീഫ് ബിസിനസ് ഓഫീസർ പ്രത്യുഷ അ​ഗർവാൾ, മുതിർന്ന എക്സിക്യുട്ടീവുമാരായ ഹിമാൻഷു ബജാജ്, മുകുത് ദീപക് എന്നിവരാണ് രാജിവച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു.

2022 ഫെബ്രുവരിയിലാണ് പ്രത്യുഷ ബൈജൂസിൽ എത്തുന്നത്. നേരത്തെ, ബൈജൂസിന്റെ സീനിയർ വൈസ് പ്രസിഡന്റ് രാജിവച്ചിരുന്നു. ഇന്റർനാഷനൽ ബിസിനസ് വൈസ് പ്രസിഡന്റായിരുന്ന ചെറിയാൻ തോമസാണ് കമ്പനി വിട്ടത്. ഇദ്ദേഹം അമേരിക്കൻ വീഡിയോ ഗെയിമിങ് കമ്പനിയായ ഇംപെൻഡിങ്ങിൽ സിഇഒ ആയി നിയമിതനായി.

ബൈജൂസിന്റെ അമേരിക്കയിലേക്കുള്ള പ്രവേശനത്തിനും വികാസത്തിനും ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ബൈജൂസിന്റെ അനുബന്ധ കമ്പനിയായ ഓസ്മോയുടെ സിഇഒ ആയിരുന്നു. ജൂണിൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്നു പേർ രാജിവച്ചിരുന്നു. പീക്ക് എക്‌സ് വി പാട്‌ണേഴ്‌സ് എംഡി ജി.വി രവിശങ്കർ, ഇൻവസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസൽ ഡ്രീസെൻസ്റ്റോക്, ചാൻ സക്കർബർഗിൽ നിന്നുള്ള വിവിയൻ വു എന്നിവരാണ് രാജിവച്ചത്. ബിസിനസ് നടത്തിപ്പിലെ അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു രാജി.

ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയ്‌റ്റ് ഹസ്‌കിൻസ് ആൻഡ് സെൽസും രാജിവച്ചിരുന്നു. സാമ്പത്തിക റിപ്പോർട്ടുകൾ ലഭിക്കാൻ കാലതാമസം വരുന്നു എന്നാരോപിച്ചായിരുന്നു കമ്പനിയുടെ രാജി. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഫൈനാൻഷ്യൽ റിപ്പോർട്ട് ലഭിച്ചില്ലെന്ന് കമ്പനി രാജിക്കുറിപ്പിൽ അറിയിച്ചിരുന്നു.

2022 സെപ്തംബറിൽ വന്ന റിപ്പോർട്ട് പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയാണ് ബൈജൂസിന്റെ സഞ്ചിത നഷ്ടം. 2020 വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണിത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ ബൈജൂസ് ഈ വർഷം പിരിച്ചുവിട്ടിരുന്നു.

2022 ഒക്ടോബറിൽ 2,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏപ്രിലിൽ, ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചിരുന്നു.





TAGS :

Next Story