സി.എ.എ മുസ്‍ലിംകളെ രണ്ടാംതരം പൗരൻമാരായി ചുരുക്കാനുള്ള ഗോഡ്സെയുടെ ചിന്ത -അസദുദ്ദീൻ ഉവൈസി
‘ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവരികയല്ലാതെ മറ്റു മാർഗമില്ല’
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമം മുസ്‍ലിംകളെ രണ്ടാംതരം പൗൻമാരായി ചുരുക്കാനുള്ള ഗോഡ്സെയുടെ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. സി.എ.എ കൊണ്ടുവരുന്നത് മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടാണെന്നും അതെല്ലാതെ മറ്റൊരു ലക്ഷ്യവും അതിനില്ലെന്നും ഉവൈസി ‘എക്സി’ൽ കുറിച്ചു.
‘ഇപ്പോൾ കാലഗണന മനസ്സിലായി. ആദ്യം തെരഞ്ഞെടുപ്പ് സീസൺ വരും. പിന്നെ സി.എ.എ വരും. സി.എ.എയോടുള്ള തങ്ങളുടെ എതിർപ്പ് അതേപടി തന്നെ നിലനിൽക്കും. ഭിന്നിപ്പിക്കുന്ന നിയമമാണിത്. മുസ്‍ലിംകളെ രണ്ടാംതരം പൗരൻമാരായി ചുരുക്കാൻ ആഗ്രഹിക്കുന്ന ഗോഡ്സെയുടെ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണിത്.
പീഡിപ്പിക്കപ്പെടുന്ന ആർക്കും അഭയം നൽകാം. എന്നാൽ, പൗരത്വം മതത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തിലായിരിക്കരുത്. എന്തുകൊണ്ടാണ് ഈ നിയമം അഞ്ച് വർഷമായി നടപ്പാക്കാതിരുന്നതെന്നും ഇപ്പോൾ എന്തുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്നും സർക്കാർ വിശദീകരിക്കണം. എൻ.പി.എആർ, എൻ.ആർ.സി എന്നിവക്കൊപ്പം സി.എ.എയും കൊണ്ടുവരുന്നത് മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടാണ്. അതെല്ലാതെ മറ്റൊരു ലക്ഷ്യവും അതിനില്ല.
സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയെ എതിർത്ത് തെരുവിലിറങ്ങിയ ഇന്ത്യക്കാർക്ക് വീണ്ടും അതിനെതിരെ രംഗത്തുവരികയല്ലാതെ മറ്റു മാർഗമില്ലെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
Adjust Story Font
16