സി.എ.എ നടപ്പാക്കുന്നത് മുസ്‌ലിംകളെയും ദലിതുകളെയും കഷ്ടപ്പെടുത്താൻ-അസദുദ്ദീൻ ഉവൈസി
പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരുന്നതിന് എതിരല്ല. ദീർഘകാലത്തെ വിസ ലഭിച്ചാൽ അവർക്ക് ഇന്ത്യൻ ഇന്ത്യൻ പൗരന്മാരാകാം
അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: മുസ്‌ലിംകളെയും ദലിതുകളെയും കഷ്ടപ്പെടുത്താനാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതെന്ന് അസദുദ്ദീൻ ഉവൈസി. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരുന്നതിന് തങ്ങൾ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സി.എ.എ ഉടൻ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
''സി.എ.എ തെറ്റായ നിയമമാണ്. ഇന്ത്യയുടെ സത്തയ്ക്കു തന്നെ നിരക്കാത്തതാണത്. സി.എ.എ മാത്രമായി കാണാനാകില്ല. എൻ.പി.ആറും എൻ.ആർ.സിലുമെല്ലാമുണ്ട്. പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും (ഇന്ത്യയിലേക്ക്) വരുന്നതിന് എതിരല്ല ഞങ്ങൾ. ദീർഘകാലത്തെ വിസ ലഭിച്ചാൽ അവർക്ക് ഇന്ത്യൻ പൗരന്മാരാകാം. എന്നാൽ, ഇതിനെല്ലാം ഓരോ നടപടിക്രമങ്ങളുണ്ട്.''-ഉവൈസി പറഞ്ഞു.
ഈ നിയമം മുസ്‌ലിംകളെയും ദലിതുകളെയും മറ്റു പിന്നാക്കക്കാരെയും ബുദ്ധിമുട്ടിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ എ.ഐ.എം.ഐ.എം എതിർക്കുന്നുണ്ട്. തുടർന്നും എക്കാലവും എതിർക്കും. (തെലങ്കാനയിൽ) സെൻസസ് നടത്തുമെന്നും എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ലെന്നും ബി.ആർ.എസ് സർക്കാർ അധികാരത്തിലിരിക്കെ പ്രമേയം പാസാക്കിയതാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇ.ടി നൗവിന്റെ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നമ്മുടെ മുസ്‌ലിം സഹോദരങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അവരെ സി.എ.എക്കെതിരെ തിരിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പീഡനത്തിനിരയായി ഇന്ത്യയിലെത്തുന്നവർക്ക് പൗരത്വം നൽകുക മാത്രമാണ് സി.എ.എ വഴി ലക്ഷ്യമിടുന്നതെന്നും ആരുടെയും പൗരത്വം തട്ടിയെടുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Summary: ''CAA against essence of India, formed to 'trouble' Muslims and Dalits'': says Asaduddin Owaisi
Adjust Story Font
16