Quantcast

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടൻ, മദ്യപാനി എന്ന് വിളിക്കുന്നത് ക്രൂരത; കോടതി

വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം.

MediaOne Logo

Web Desk

  • Updated:

    2022-10-25 11:20:32.0

Published:

25 Oct 2022 11:17 AM GMT

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടൻ, മദ്യപാനി എന്ന് വിളിക്കുന്നത് ക്രൂരത; കോടതി
X

മുംബൈ: ഭർത്താവിനെ തെളിവുകളില്ലാതെ സ്ത്രീലമ്പടൻ, മദ്യപാനി എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെ സ്വദേശികളായ ദമ്പതികൾക്ക് വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം.

താനും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ 2005 നവംബറിലെ പൂനെ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 50കാരിയായ സ്ത്രീ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതിനിടെ മുൻ സൈനികൻ മരിച്ചതിനാൽ നിയമപരമായ അവകാശിയെ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചിരുന്നു. തന്റെ ഭർത്താവ് സ്ത്രീലമ്പടനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും യുവതി അപ്പീലിൽ പറഞ്ഞിരുന്നു.

എന്നാൽ ഭർത്താവിന്റെ സ്വഭാവത്തിനെതിരെ അനാവശ്യവും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാര്യയുടെ രീതി സമൂഹത്തിൽ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത് ക്രൂരതയാണെന്നും ബെഞ്ച് പറഞ്ഞു. സ്വന്തം മൊഴിയല്ലാതെ സ്ത്രീ തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

"മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ഹിന്ദു വിവാഹ നിയമ പ്രകാരം ഹരജിക്കാരിയുടെ ആരോപണം ക്രൂരതയാണെന്ന് ഞങ്ങൾ കണ്ടെത്തി"- കോടതി പറഞ്ഞു. ഇത് വിവാഹമോചനത്തിന് അനുയോജ്യമായ കേസാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഭർത്താവിനെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹരജിക്കാരിയായ യുവതി അദ്ദേഹത്തെ മാനസികമായി വേദനിപ്പിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

TAGS :

Next Story