എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; യുപിയിൽ സ്കൂൾ വിദ്യാർഥികൾക്കെതിരെ കേസ്
ഓൺലൈനിലെ വിവിധ എഐ ടൂളുകൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ അധ്യാപികയുടെ വ്യാജ അശ്ലീല ചിത്രം നിർമിച്ചത്.
ലഖ്നൗ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീല ചിത്രം നിർമിച്ച് സോഷ്യൽമീഡിയകളിൽ പ്രചരിപ്പിച്ച സ്കൂൾ വിദ്യാർഥികൾക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെയാണ് നടപടി.
സംഭവത്തിൽ വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മനീഷ് സക്സേന പറഞ്ഞു. 'ഇതിന്റെയടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെയും ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്'- അദ്ദേഹം വ്യക്തമാക്കി.
ഓൺലൈനിലെ വിവിധ എഐ ടൂളുകൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ അധ്യാപികയുടെ വ്യാജ അശ്ലീല ചിത്രം നിർമിച്ചത്. തുടർന്ന് ഈ ചിത്രങ്ങൾ വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് അധ്യാപിക പൊലീസിനെ സമീപിച്ചത്. ചിത്രം സോഷ്യൽമീഡിയകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16