മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി
തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കെ.കവിത
ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കവിതക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടന്നും ഇ.ഡി വാദിച്ചിരുന്നു. മാർച്ച് 15ന് അറസ്റ്റിലായ കവിത 26 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണന്നാണ് ബി.ആർ.എസ് നേതാവ് കെ.കവിതയുടെ വാദം. എന്നാൽ ഡൽഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാൻ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16