വീണ്ടും കുരുക്ക്; ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടീസ്
സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെജ്‌രിവാളിനെതിരെ ആരോപണമുണ്ട്.
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആംആദ്മിക്കെതിരെ വീണ്ടും കുരുക്ക് മുറുക്കി സിബിഐ. കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടീസ് അയച്ചു. ഞായാറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്ന് വൈകീട്ടോടെയാണ് നോട്ടീസ് അയച്ചത്.
കേസിൽ നേരത്തെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ ആംആദ്മി പാർട്ടി ഐ.ടി വിഭാഗം മേധാവി വിജയ് നായർ മനീഷ് സിസോദിയയുടേയും അരവിന്ദ് കെജ്‌രിവാളിന്റേയും പ്രതിനിധിയായാണ് സൗത്ത് ഗ്രൂപ്പുമായി ചർച്ചകളിൽ പങ്കെടുത്തത് എന്ന് ആരോപിച്ചിരുന്നു.
ഇതു സംബന്ധിച്ച് ചില തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ അവകാശപ്പെട്ടിരുന്നു. വിവാദ മദ്യനയം ഇവരുടെ ആശയമായിരുന്നെന്നും സിബിഐ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ നോട്ടീസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാവുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
Adjust Story Font
16