Quantcast

ബിൽക്കിസ് ബാനുവിന്റെ വീടിന് മുന്നിൽ പടക്കംപൊട്ടിച്ചും മധുരം നൽകിയും ആഘോഷം

ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-08 12:06:43.0

Published:

8 Jan 2024 10:10 AM GMT

bilkis bano
X

ഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയതോടെ ബിക്കിസ് ബാനുവിന്റെ വീടിന് മുന്നിൽ ആഘോഷം. ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് സുപ്രീംകോടതി വിധിയിലെ സന്തോഷം പ്രകടിപ്പിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെയായി ബിൽക്കിസ് ബാനു തുടരുന്ന പോരാട്ടത്തിന്റെ തുടർച്ചയാണ് സുപ്രീംകോടതിയിൽ നിന്നും നേടിയ വിജയം. കൂട്ടകുരുതിയും ബലാൽസംഗവും നടത്തിയ പ്രതികളെ മോചിപ്പിച്ച നടപടി തിരുത്താനും ബിൽക്കിസ് ബാനു തന്നെ സുപ്രീംകോടതിയിൽ നേരിട്ട് പോരിനിറങ്ങുകയായിരുന്നു

5 മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും മാതാവിനെയും ബലാൽസംഗം ചെയ്യുകയും 14 കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത് 2002 മാർച്ചിലായിരുന്നു. മൂന്നര വയസുകാരിയായ മകളെ കണ്മുന്നിലിട്ട് കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

2003 ഡിസംബറിൽ ബിൽക്കിസ് ബാനു നൽകിയ ഹരജിയിൽ സുപ്രീംകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. 2004 ഓഗസ്റ്റിൽ ബിൽക്കിസ് ബാനുവിന്റെ ഹരജിയിൽ, ഗുജറാത്തിൽ നിന്നും വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി.

നീതി പൂർവമായ വിചാരണ ഗുജറാത്തിൽ നടക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരുന്നത്. രക്തം മരവിച്ചു പോകുന്ന ക്രൂരതയാണ് പ്രതികൾ നടത്തിയതെന്ന് 2008 ജനുവരിയിൽ വിചാരണക്കോടതി കണ്ടെത്തി . പ്രതികൾക്ക് വധശിക്ഷ നൽകണമെന്നു സിബിഐ ആവശ്യപ്പെട്ടു.

2017 മെയ് മാസത്തിൽ ബോംബൈ ഹൈക്കോടതി 11 പ്രതികൾക്ക് ശിക്ഷ ജീവപര്യന്ത ശിക്ഷ വിധിക്കുന്നു .ജയിലിൽ കഴിയുമ്പോഴും നിരവധി തവണ പ്രതികൾക്ക് പരോൾ ലഭിച്ചു . ഇതിനിടെ പ്രതികളെ ഗുജറാത്തിലെ ജയിലിലേക്ക് മാറ്റി.

ജയിലിൽ 15 വർഷം പൂർത്തിയാഎന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ചൂണ്ടിക്കാട്ടി, കുറ്റവാളി രാധേശ്യാം സുപ്രീംകോടതിയെ സമീപിച്ചു.അപേക്ഷ പരിശോധിച്ച് നടപടി എടുക്കാൻ 2022 മെയ് 13 ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. പഞ്ച്മഹൽ കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശുപാർശയിൽ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകി. സ്വാതന്ത്ര്യത്തിന്റെ 75 മത്തെ വാർഷികത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15 ന് 11 പേരെയും ജയിൽ മോചിതരാക്കി.

ജയിലിന് പുറത്ത് കുറ്റവാളികൾക്ക് മാലയിട്ടും മധുരം നൽകിയും സ്വീകരിച്ചു. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ മഹുവ മൊയ്ത്ര , സുഭാഷിണി അലി എന്നിവർ കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയിലെത്തി . തൊട്ടു പിന്നാലെ ബിൽക്കിസ് ബാനു ഹരജി നൽകി. ഈ ഹരജി മുഖ്യഹരജിയായി കോടതി പരിഗണിച്ചു. മാസങ്ങൾ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് നീതിയുടെ വെള്ളി വെളിച്ചമായി ഇന്ന് സുപ്രീംകോടതിയിൽ നിന്നും ബിൽക്കിസ് ബാനുവിന് അനുകൂല വിധിയുണ്ടായത്

TAGS :

Next Story