'പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു'; മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം
ന്യൂജഴ്‌സി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഒരേസമയം ലോഗിൻ നടന്നുവെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മഹുവയുടെ പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ന്യൂജഴ്‌സി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഒരേസമയം ലോഗിൻ നടന്നുവെന്നും വ്യവസായി ഹിരാനന്ദാനിയുടെ മുംബൈ ഓഫീസിൽ മാത്രമാണ് ഉപയോഗിച്ചതെന്ന മഹുവയുടെ വാദം തെറ്റാണ് ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു.
അതിനിടെ ഏറെ നാളത്തെ മൗനത്തിന് ശേഷം മഹുവക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മഹുവയെ അയോഗ്യയാക്കാനുള്ള നീക്കം നടക്കുന്നതെന്ന് മമത പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അവർക്ക് അത് ഗുണകരമാകും. പാർലമെന്റിന് അകത്ത് പറഞ്ഞത് അവർ പുറത്തുപറയുമെന്നും മമത ചൂണ്ടിക്കാട്ടി.
തൃണമൂൽ എം.എൽ.എമാരെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെയും മമത രൂക്ഷ വിമർശനമുന്നയിച്ചു. ''ഞങ്ങളുടെ നാല് എം.എൽ.എമാരെ അവർ അറസ്റ്റ് ചെയ്തു. ഇതിലൂടെ ഞങ്ങളുടെ ശക്തി കുറയ്ക്കാനാവുമെന്നാണ് അവർ കരുതുന്നത്. ഞങ്ങളിൽ നാലുപേരെ അവർ അപകീർത്തിപ്പെടുത്തിയാൽ...അവർക്കെതിരെയും കൊലപാതക കുറ്റങ്ങളുണ്ട്. അവരിൽ എട്ടുപേരെ ഞങ്ങൾ ജയിലിലടക്കും''-മമത മുന്നറിയിപ്പ് നൽകി.
Adjust Story Font
16