ജമ്മു കശ്മീരിലെ ചില ജില്ലകളിൽ 'അഫ്‌സ്പ' ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തുമ്പോൾ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ചില ജില്ലകളിൽ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം എടുത്തുകളയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തുമ്പോൾ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
1990ലാണ് പ്രശ്‌നബാധിത മേഖലയായി കണക്കാക്കി ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളിൽ അഫ്‌സ്പ ഏർപ്പെടുത്തിയത്. 2001 ആഗസ്റ്റിലാണ് ജമ്മുവിൽ അഫ്‌സ്പ ബാധകമാക്കിയത്.
നാഗലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളിൽ മാർച്ച് 31 മുതൽ അഫ്‌സ്പ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ നാഗാലാൻഡിലെ മോണിൽ സൈന്യത്തിന്റെ വെടിവെപ്പിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായത്. ഇത് പരിശോധിക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശിപാർശ പ്രകാരമാണ് അഫ്‌സ്പ പിൻവലിച്ചത്.
വടക്കുകിഴക്കൻ മേഖലയിൽ അസം, നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ പൂർണമായും 12 ജില്ലകളിൽ ഭാഗികമായും അഫ്‌സ്പ നിലവിലുണ്ട്. 1980ൽ മിസോറാമിലും 2015 ത്രിപുരയിലും 2018 മേഘാലയയിലും അഫ്‌സ്പ പൂർണമായും പിൻവലിച്ചിരുന്നു.
Adjust Story Font
16