Quantcast

അസാധാരണ നീക്കം; അതിര്‍ത്തിരക്ഷാ സേനാ മേധാവിയെയും ഉപമേധാവിയെയും നീക്കി കേന്ദ്രം

ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാളിനെ കേരള കേഡറിലേക്ക് തിരിച്ചയച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    3 Aug 2024 7:16 AM GMT

Centre removes BSF chief Nitin Agrawal, his deputy YB Khurania with immediate effect,
X

വൈ.ബി ഖുറാനിയ, നിതിന്‍ അഗര്‍വാള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനാ മേധാവിയെയയും ഉപമേധാവിയെയും സ്ഥാനങ്ങളില്‍നിന്നു നീക്കി കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണ നീക്കം. ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാള്‍, ഉപമേധാവിയും വെസ്റ്റ് സ്‌പെഷല്‍ ഡി.ജിയുമായ വൈ.ബി ഖുറാനിയ എന്നിവരെയാണു നീക്കിയത്. അടിയന്തര നടപടിയാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയത്.

ഇരുവരെയും തങ്ങളുടെ സംസ്ഥാനങ്ങളിലെ കേഡറുകളിലേക്കു തിരിച്ചയച്ചിരിക്കുകയാണ്. 1989 ബാച്ച് കേരള കേഡര്‍ ഓഫിസറാണ് നിതിന്‍ അഗര്‍വാള്‍. 2022 ജൂണിലാണ് ബി.എസ്.എഫ് തലവനായി ചുമതലയേല്‍ക്കുന്നത്. 2026 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. 1990 ബാച്ച് ഒഡിഷ കേഡര്‍ ഓഫിസറാണ് ഖുറാനിയ. പാകിസ്താന്‍ അതിര്‍ത്തിയിലെ സേനയെ നയിക്കുകയായിരുന്നു അദ്ദേഹം.

കാബിനറ്റിന്റെ അപോയിന്‍മെന്റ് കമ്മിറ്റി(എ.സി.സി) ആണ് രണ്ട് ഉദ്യോഗസ്ഥരെയും സ്ഥാനത്തുനിന്നു നീക്കി ഉത്തരവുകളിറക്കിയത്. അടിയന്തര നടപടിക്കു പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാല്‍, അതിര്‍ത്തിയിലൂടെയുള്ള നിരന്തരമായ നുഴഞ്ഞുകയറ്റ സംഭവങ്ങളാണു പ്രകോപനമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ടു പലപ്പോഴും കൃത്യമായ ആസൂത്രണമോ ഏകോപനമോ നടക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബി.എസ്.എഫ് തലവനെതിരെ ഉയര്‍ത്തിയിരുന്നു.

സൈന്യത്തിനകത്ത് കൃത്യമായ നിയന്ത്രണമില്ലാത്തതും മറ്റ് സഹോദര ഏജന്‍സികളുമായി ഏകോപനമില്ലാത്തതുമാണ് ബി.എസ്.എഫ് മേധാവിമാരുടെ സ്ഥാനമാറ്റത്തിനു കാരണമായതെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തം ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. സൈന്യത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പാണിത്. ഒറ്റക്കെട്ടായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നല്‍കിയിരിക്കുന്നത്. പീര്‍പഞ്ചാലിന്റെ തെക്കന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയതും ഇതിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് സേനാതലവന്മാര്‍ക്കെതിരെ ഇത്തരത്തില്‍ ധൃതിപിടിച്ച നീക്കമുണ്ടാകുന്നത്. 2019ല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പോലും സേനാ മേധാവികള്‍ക്കതെിരെ നടപടിയുണ്ടായിരുന്നില്ല. അടുത്തിടെ ജമ്മു കശ്മീരിലെ സൈന്യത്തിനും സൈനിക താവളങ്ങള്‍ക്കും നേരെ ഭീകരാക്രമണം പതിവായിട്ടുണ്ട്. കഴിഞ്ഞയാഴ്ച രജൗരിയിലെ സൈനിക ക്യാംപില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു.

Summary: Centre removes BSF chief Nitin Agrawal, his deputy YB Khurania with immediate effect

TAGS :

Next Story