Quantcast

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെ.എം.എം വിട്ടു; ഇനി ബി.ജെ.പിയിലേക്ക്

സോറനെ ജെ.എം.എമ്മിലേക്ക് തിരികെയെത്തിക്കാനുള്ള അനുനയ നീക്കങ്ങള്‍ പാളിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

MediaOne Logo

Web Desk

  • Published:

    28 Aug 2024 4:01 PM GMT

Champai Soren quits Jharkhand Mukti Morcha will join bjp
X

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം (ജാർഖണ്ഡ് മുക്തി മോർച്ച) മുതിർന്ന നേതാവുമായ ചംപയ് സോറൻ പാർട്ടി വിട്ടു. ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ചംപയ് സോറൻ പാർട്ടിയിൽനിന്ന് ഔദ്യോ​ഗികമായി രാജിവച്ചത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ലക്ഷ്യം നഷ്ടമായതായി ചംപയ് സോറൻ രാജിക്കത്തിൽ ആരോപിച്ചു.

'ജെ.എം.എം എനിക്ക് ഒരു കുടുംബം പോലെയായിരുന്നു. പാർട്ടി വിടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച ചില കാര്യങ്ങൾ എന്നെ വല്ലാതെ വേദനിപ്പിക്കുകയും ഇത്തരമൊരു പ്രയാസകരമായ നടപടി സ്വീകരിക്കാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു'- ചംപയ് സോറൻ പറഞ്ഞു.

പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ബി.ജെ.പി പ്രവേശനം ഉറപ്പാക്കി കഴിഞ്ഞദിവസം ചംപയ് സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചംപയ് സോറൻ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. വെള്ളിയാഴ്ച റാഞ്ചിയിൽ വച്ചായിരിക്കും പാർട്ടി പ്രവേശനമെന്നാണ് സൂചന.

സോറനെ ജെ.എം.എമ്മിലേക്ക് തിരികെയെത്തിക്കാനുള്ള അനുനയ നീക്കങ്ങള്‍ പാളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. പാര്‍ട്ടിയില്‍ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദല്‍ മാര്‍​ഗം തേടാന്‍ താന്‍ നിര്‍ബന്ധിതനായെന്നുമായിരുന്നു ചംപയ് സോറന്‍റെ വാദം. നേരത്തെ, പാർട്ടി വിടുമെന്ന വാർത്തകൾ സ്ഥിരീകരിച്ചെങ്കിലും ബി.ജെ.പിയിലേക്ക് ഇല്ലെന്നായിരുന്നു സോറന്‍ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കള്ളപ്പണക്കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഇ.ഡി അറസ്റ്റിനെ തുടർന്ന് ജയിലിലായതോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും ചംപയ് സോറനെ സ്ഥാനമേൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് മാസത്തിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത് എന്നാണ് വിവരം.

ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ കാലുമാറ്റം. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന് നിർണായക പങ്കുവഹിച്ച, ആദിവാസി സമൂഹത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് ചംപയ് സോറൻ.

TAGS :

Next Story