അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യം
ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം
ചന്ദ്രബാബു നായിഡു
അമരാവതി: അഴിമതി കേസിൽ ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം. നാല് ആഴ്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.
ഒക്‌ടോബർ 18ന് നായിഡുവിന്‍റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെൻട്രൽ ജയിലിൽ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. ഭാര്യ ഭുവനേശ്വരി, മകൻ ലോകേഷ്, മരുമകൾ ബ്രാഹ്മണി എന്നിവർ ടിഡിപി അധ്യക്ഷനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പാർട്ടി നേതാക്കളായ ചിന്നരാജപ്പ, രാംമോഹൻ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16