Quantcast

‘അധികാരത്തിലെത്തിയാൽ ഹജ്ജ് തീർഥാടകർക്ക് ഒരു ലക്ഷം നൽകും’; ച​ന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു

‘മുസ്‍ലിംകൾക്കുള്ള നാല് ശതമാനം സംവരണം തുടരും’

MediaOne Logo

Web Desk

  • Published:

    10 Jun 2024 2:12 PM GMT

chandra babu naidu
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യുകയാണ്. ബി.ജെ.പി, ജനസേന പാർട്ടി എന്നിവയുടെ പിന്തുണയോടെയാണ് ടി.ഡി.പി വീണ്ടും അധികാരത്തിലേറുന്നത്. ഇതിനിടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചന്ദ്രബാബു നായിഡു നടത്തിയ പ്രസംഗം വീണ്ടും ചർച്ചയാവുകയാണ്. മക്കയിലേക്ക് ഹജ്ജിന് പോകുന്നവർക്ക് സർക്കാർ സഹായം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഏപ്രിലിൽ നെല്ലൂരിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന വരുന്നത്.

‘ആന്ധ്രാപ്രദേശിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ ഹജ്ജിന് പോകുന്ന എല്ലാ തീർഥാടകർക്കും ഒരു ലക്ഷം രൂപ വീതം സഹായം നൽകും’ -ചന്ദ്രബാബു പറയുന്നു. ആന്ധ്രയിൽ മുസ്‍ലിംകൾക്കുള്ള നാല് ശതമാനം സംവരണം തുടരുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം പറഞ്ഞു. മുസ്‍ലിം സംവരണത്തിനെതിരെ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രസംഗിച്ച് നടക്കുമ്പോഴായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വരുന്നത്.

മുമ്പും ടി.ഡി.പി എൻ.ഡി.എയുടെ ഭാഗമായിരുന്നെങ്കിലും മുസ്‍ലിം സമൂഹ​ത്തോട് യാതൊരു അനീതിയും ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസ് നിർത്തലാക്കിയ ക്ഷേമപദ്ധതികൾ പുനരാരംഭിക്കുകയും പുതിയ പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. മുസ്‍ലിം വിദ്യാർഥികൾക്കായുള്ള റെസിഡൻഷ്യൽ സ്കൂളുകളുടെ നിർമാണം എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തി ആറ് മാസത്തിനകം പൂർത്തിയാക്കുമെന്നും ചന്ദ്രബാബു നായിഡു ഉറപ്പുനൽകി. സി.എ.എയെയും എൻ.ആർ.സിയെയും വൈ.എസ്.ആർ കോൺഗ്രസ് നിരുപാധികം പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്‍ലിം സമുദായത്തിന് വേണ്ടി ടി.ഡി.പി ഹജ്ജ് ഹൗസ് നിർമിച്ചു. എന്നാൽ, ജഗൻ മോഹൻ റെഡ്ഡി സ്വന്തം സുഖസൗകര്യങ്ങൾക്കായി കൊട്ടാരങ്ങൾ പണിയുകയായിരുന്നു. വിശ്വാസത്തിനും ധൈര്യത്തിനും പേരുകേട്ടവരാണ് മുസ്‍ലിംകൾ. കൂടാതെ അവർ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. എല്ലാ മേഖലകളിലും അവർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മുസ്‍ലിംകൾ ഇല്ലെങ്കിൽ വികസനമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ടി.ഡി.പിയുടെ നയങ്ങൾ കാരണം ഹൈദരാബാദിലെ മുസ്‍ലിംകൾ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവരേക്കാൾ വളരെ മുന്നിലാണ്. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായ സമയത്ത് ടി.ഡി.പി സംസ്ഥാനം ഭരിക്കുമ്പോഴാണ് ഹൈദരാബാദിൽ ഉർദു സർവകലാശാല ആരംഭിക്കുന്നത്. ഹജ്ജ് ഹൗസ് നിർമിക്കുന്നതും ടി.ഡി.പിയുടെ ഭരണകാലത്താണ്. കൂടാതെ മുസ്‍ലിംകൾക്കായി നിരവധി ക്ഷേ​മപദ്ധതികളാണ് നടപ്പാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്‍ലിം സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയാണ്. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിരവധി പള്ളികളാണ് നിർമിച്ചത്. കൂടാതെ ഹജ്ജ് തീർഥാടകർക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചതും ടി.ഡി.പിയുടെ ഭരണകാലത്താണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ബി​.ജെ.പി എതിർത്താലും മുസ്ലിംകൾക്ക് നൽകുന്ന സംവരണം ആന്ധ്രാ പ്രദേശിൽ തുടരുമെന്ന് ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നാരാ ലോകേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുസ്ലിം സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബി.ജെ.പിയുടെത്. എന്നാൽ, അതല്ല ഞങ്ങളുടെ രാഷ്ട്രീയം. സംസ്ഥാനത്ത് മുസ്‌ലിംകൾക്കുള്ള സംവരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്നുണ്ട്. അതിൽ ഉറച്ചുനിന്ന് മുന്നോട്ടു​പോകാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് പാർട്ടിയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂൺ 12നാണ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് മുഖ്യമ​ന്ത്രിയായി ചുമതലയേൽക്കുന്നത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്കൂൾ വിദ്യാർഥികൾക്ക് വർഷം 15,000 രൂപ വീതം സഹായധനം, എല്ലാ വീട്ടുകാർക്കും വർഷത്തിൽ മൂന്ന് തവണ സൗജന്യ ഗ്യാസ് സിലിണ്ടർ, കർഷകർക്ക് വാർഷിക സഹായമായി 20,000 രൂപ എന്നിവയും ടി.ഡി.പിയുടെ വാഗ്ദാനങ്ങളാണ്.

TAGS :

Next Story