Quantcast

'ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്, ഒന്ന് ഹിന്ദുക്കൾക്കും രണ്ടാമത്തേത് മുസ്‌ലിംകൾക്ക് വേണ്ടിയുമാണ്'; വഖഫ് ബില്ലിൽ ടിഡിപി നേതാവ്

നായിഡുവാണ് വഖഫ് നിയമഭേദഗതി ബിൽ ജെപിസിക്ക് വിടാനായി പ്രവർത്തിച്ചതെന്നും മുതിർന്ന ടിഡിപി നേതാവായ നവാബ് ജാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Nov 2024 4:30 AM GMT

Chandrababu Naidu wont allow any bill that harms Muslims interests: TDP leader
X

ഹൈദരാബാദ്: മുസ്‌ലിംകളുടെ താത്പര്യം ഹനിക്കുന്ന ഒരു ബില്ലും കൊണ്ടുവരാൻ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടിഡിപി നേതാവ് നവാബ് ജാൻ. വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ടിഡിപി നേതാവിന്റെ പ്രതികരണം. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബിൽ അവതരിപ്പിക്കുന്നത് തടയാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും നവാബ് ജാൻ പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്. അതിൽ ഒന്ന് ഹിന്ദുക്കൾക്ക് വേണ്ടിയും രണ്ടാമത്തേത് മുസ്‌ലിംകൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലും ഒരു കണ്ണിന് പ്രശ്‌നമുണ്ടായാൽ അത് മൊത്തം ശരീരത്തെ ബാധിക്കും. വികസനത്തിന്റെ പാതയിലൂടെയാണ് ചന്ദ്രബാബു നായിഡു സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതര മനസ്സുള്ളയാളാണ് ചന്ദ്രബാബു നായിഡു. ഒരിക്കലും മുസ്‌ലിംകളെ ബാധിക്കുന്ന ബില്ലുകൾ അവതരിപ്പിക്കാൻ അദ്ദേഹം സമ്മതിക്കില്ല. നായിഡുവാണ് വഖഫ് നിയമഭേദഗതി ബിൽ ജെപിസിക്ക് വിടാനായി പ്രവർത്തിച്ചത്. എല്ലാം തങ്ങൾ സഹിക്കും. എന്നാൽ, രാജ്യത്തിന്റെ ഐക്യം തകർക്കുന്ന നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും നവാബ് ജാൻ പറഞ്ഞു.

ചന്ദ്രബാബു നായിഡു മതേതര നിലപാടുള്ള വ്യക്തിയാണ്. അങ്ങനെയൊരാൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുസ്‌ലിംകൾക്ക് യാതൊരു പ്രശ്‌നവുമുണ്ടാവില്ല. സ്വാതന്ത്ര്യത്തിന് ശേഷം ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിലാണ് മുസ്‌ലിംകൾക്ക് അഭൂതപൂർവമായ വളർച്ചയുണ്ടായതെന്നും നവാബ് ജാൻ അവകാശപ്പെട്ടു.

പാർലമെന്റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മോദി സർക്കാർ ടിഡിപിയുടെയും ജെഡി(യു)വിന്റെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുസ്‌ലിം സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയ്യാറാവണമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആവശ്യപ്പെട്ടു.

ആഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ നിലവിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. പാർലമെന്റിലെ രൂക്ഷമായ ചർച്ചകൾക്ക് ശേഷമാണ് ബിൽ ജെപിസിക്ക് വിടാൻ തീരുമാനിച്ചത്.

TAGS :

Next Story