ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ്: പോക്സോ കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു
ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്
ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കേസ് ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പോക്സോ കുറ്റം ഒഴിവാക്കാൻ പ്രത്യേക റിപ്പോർട്ട് പൊലീസ് സമർപ്പിച്ചു.
അതേസമയം മറ്റു ആറു ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡനക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ബ്രിജ് ഭൂഷനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 354, 354 എ, 354 ഡി എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് റദ്ദാക്കാന്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കേസ് ജൂലൈ 4ന് കോടതി പരിഗണിക്കും.
ബ്രിജ്ഭൂഷൺ, ബന്ധുക്കൾ, ജീവനക്കാർ, ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ 182 പേരുടെ മൊഴി ഇതുവരെ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നെന്ന് ആരോപിക്കപ്പെടുന്ന ടൂർണമെന്‍റുകൾ നടന്ന സമയത്ത് താരങ്ങൾ താമസിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‍റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ സമരം തുടങ്ങി. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങൾ ഒരാഴ്ചത്തേക്ക് സമരം നിർത്തിവെച്ചത്.
Adjust Story Font
16