Quantcast

'ബുർഖ ധരിച്ചവർക്ക് കോർപറേറ്റുകൾ ജോലി നൽകില്ല'; ഡ്രെസ്‌കോഡ് വിവാദത്തിൽ വിചിത്രന്യായവുമായി മഹാരാഷ്ട്ര കോളജ്

ഹിജാബ് തന്നെ വേണമെന്ന വിദ്യാർഥികളുടെ വാദം തീവ്രവാദത്തിന്റെ അടയാളമാണെന്ന് കോളജ് ജനറൽ സെക്രട്ടറിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവുമായ സുബോധ് ആചാര്യ അധിക്ഷേപിച്ചു

MediaOne Logo

Web Desk

  • Published:

    17 May 2024 11:20 AM GMT

Corporates dont hire burqa-wearing women: Maharashtras Acharya Marathe College in Chembur justifies hijab ban, Chembur College hijab ban, Maharashtra Chemburs Acharya Marathe College justifies hijab ban,
X

മുംബൈ: ഹിജാബിനും നിഖാബിനും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിചിത്രന്യായവുമായി മഹാരാഷ്ട്ര കോളജ് അധികൃതർ. ബുർഖ ധരിച്ച സ്ത്രീകൾക്ക് കോർപറേറ്റുകൾ ജോലി നൽകില്ലെന്നാണു വിശദീകരണം. ചെമ്പൂരിലെ ആചാര്യ മറാഠ കോളജ് ആണു ദിവസങ്ങൾക്കുമുൻപ് ഹിജാബ് വിലക്കുമായി വിവാദ ഉത്തരവ് പുറത്തിറക്കിയത്.

കാംപസ് പ്ലേസ്‌മെന്റ് കൂട്ടുകയും വിദ്യാർഥികളുടെ പെരുമാറ്റവും വസ്ത്രരീതികളും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ പുറത്തിറക്കിയതെന്ന് കോളജ് ഗവേണിങ് കൗൺസിൽ ജനറൽ സെക്രട്ടറിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവുമായ സുബോധ് ആചാര്യ പറഞ്ഞു. വിദ്യാർഥികളുടെ ഭാവി നോക്കിയാണ് ഇത്തരമൊരു നിർദേശം നൽകിയത്. കോളജ് പ്ലേസ്‌മെന്റ് ഇനിയും കൂട്ടേണ്ടതുണ്ട്. വിദ്യാർഥികൾ ബുർഖ ധരിച്ച് ജോലി തേടിപ്പോയാൽ അവരെ പരിഗണിക്കുമോ? സമൂഹത്തിൽ ജീവിക്കുകയും പെരുമാറുകയും ചെയ്യേണ്ട മൂല്യങ്ങളും മര്യാദകളും വിദ്യാർഥികൾ സ്വാംശീകരിക്കേണ്ടതുണ്ടെന്നും സുബോധ് പറഞ്ഞു.

മറ്റു കോളജുകളിലൊന്നും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇത്തരം നിർദേശങ്ങളില്ലല്ലോ എന്നു ചോദിച്ചപ്പോൾ ഇവിടത്തെ വിദ്യാർഥികൾ ദരിദ്ര പശ്ചാത്തലത്തിൽനിന്നു വരുന്നവരാണെന്നായിരുന്നു മറുപടി. സമൂഹത്തിൽ ഉയർന്നുനിൽക്കാൻ അവർക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് തന്നെ ധരിക്കണമെന്ന വിദ്യാർഥികളുടെ നിർബന്ധം തീവ്രവാദത്തിന്റെ അടയാളമാണെന്നും സുബോധ് ആചാര്യ അധിക്ഷേപിച്ചു. വിഷയത്തിന് മതത്തിന്റെ നിറം നൽകേണ്ടതില്ല. വസ്ത്രം കണ്ട് വിദ്യാർഥികളുടെ മതസ്വത്വം അധ്യാപകർ തിരിച്ചറിയണമെന്നാണോ പറയുന്നത്? ഈ മനുവാദവുമായി നിങ്ങൾ എനിയും എത്ര കാലം മുന്നോട്ടുപോകും? ഇതൊരു തീവ്രവാദ ചിന്തയാണെന്നും തങ്ങൾ ഇതിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാർഥികൾക്കായി സ്‌കൂൾ ഡ്രെസ്‌കോഡ് പുറത്തിറക്കിയത്. നഗ്നത വെളിപ്പെടുത്തുന്നതോ മതചിഹ്നങ്ങളുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതിന് സർക്കുലറിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടൊപ്പമാണ് ബുർഖ, ഹിജാബ്, നിഖാബ് എന്നിങ്ങനെ പ്രത്യേകം പേരെടുത്തു പറഞ്ഞും നിരോധനമേർപ്പെടുത്തിയത്. യു.ജി കോളജ് വിദ്യാർഥികൾക്കാണ് ഇപ്പോൾ ഡ്രെസ്‌കോഡ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ജൂനിയർ കോളജ് വിദ്യാർഥികൾക്കും ഡ്രെസ്‌കോഡ് പ്രഖ്യാപിച്ചിരുന്നു.

പുതിയ നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനവും ഉയർന്നിട്ടുണ്ട്. പുതിയ ഡ്രെസ്‌കോഡ് വിവേചനപരവും വിദ്യാർഥികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്നാണ് ഉയരുന്ന വിമർശനം. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങളുടെ ലംഘനവുമാണിതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർഥികൾ കഴിഞ്ഞ ദിവസം കോളജ് പ്രിൻസിപ്പലിനെ കണ്ടിരുന്നെങ്കിലും ഉത്തരവിൽ മാറ്റമുണ്ടായിരുന്നില്ല. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിദ്യാർഥികൾ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Summary: 'Corporates don't hire burqa-wearing women': Maharashtra's Acharya Marathe College in Chembur justifies hijab ban

TAGS :

Next Story